മലപ്പുറം: കോട്ടക്കുന്നിൽ നടക്കുന്ന നിർമാണ പ്രവൃത്തിക്കെതിരെ മൈനിങ് ജിയോളജി വിഭാഗവും ജില്ല മണ്ണ് സംരക്ഷണ വിഭാഗവും. ഇവിടെ നടക്കുന്ന നിർമാണത്തിനെതിരെയാണ് വിവിധ വകുപ്പുകൾ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. നിർമാണം സംബന്ധിച്ച് കോട്ടക്കുന്ന് അതിജീവന സംരക്ഷണ സമിതിയുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ കലക്ടർ വി.ആർ. പ്രേംകുമാറിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം അന്വേഷിക്കാൻ കലക്ടർ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് നിർദേശം നൽകിയത്. 2019ൽ മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്തിന് സമാനസ്വഭാവമുള്ള ഘടനയാണ് നിലവിൽ നിർമാണം നടക്കുന്ന ചരിവിലും കാണപ്പെട്ടിട്ടുള്ളത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ മണ്ണിൽ കൂടുതൽ സമ്മർദം ഉണ്ടാക്കുന്നതിനും മഴക്കാലത്ത് മണ്ണിടിച്ചിലിനും കാരണമാകുമെന്നാണ് ജിയോളജി വിഭാഗം കലക്ടർക്ക് നൽകിയ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നിർമാണം നിർത്തിവെക്കാൻ നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ കരിങ്കല്ല് ഉപയോഗിച്ച് വശങ്ങളിൽ നിർമിച്ച ഭിത്തികൾ മണ്ണിടിച്ചിൽ തടയുന്നതിന് പര്യാപ്തമാണോ എന്നതിനെ സംബന്ധിച്ചും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ വിദഗ്ധ അഭിപ്രായം തേടണം. കൂടാതെ, ജിയോളജി വിഭാഗത്തിന്റെ പരിശോധനയിൽ നിലവിലെ സാഹചര്യത്തിൽ സംരക്ഷണ ഭിത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടുകളിൽ മഴക്കാലത്ത് താമസം സുരക്ഷിതമല്ലെന്നും ബോധ്യപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരിശോധനയില്‍ ഒരു ടര്ഫിന്റേയും നീന്തൽക്കുളത്തിന്റേയും നിര്‍മാണം നടക്കുന്നുണ്ടെന്ന് കണ്ടെത്തി.
നീന്തൽക്കുളത്തിന് ഏകദേശം 8.6 മീറ്റര്‍ വീതിയും 1.2 മീറ്റര്‍ ആഴവുമുണ്ട്. മണ്ണിട്ട് നികത്തിയ ഭാഗത്താണ് നീന്തല്‍ക്കുളം പണിയുന്നത്. ചെരിഞ്ഞ ഭാഗത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നുമാണ് ജിയോളജി റിപ്പോർട്ട്. കോൺക്രീറ്റ് നിർമാണ പ്രവൃത്തികളും 1,68,000 ലിറ്റർ ജലസംഭരണ ശേഷിയുള്ള നീന്തൽക്കുളം കൂടിയാകുമ്പോൾ മണ്ണിന് സമ്മർദം വരുകയും ഭാവിയിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലിനും കാരണമാകുമെന്നുമാണ് ജില്ല മണ്ണ് സംരക്ഷണ ഓഫിസറുടെ റിപ്പോർട്ട്.
നിർമാണം തുടർന്നാൽ വലിയതോതിൽ താഴേക്ക് മണ്ണിടിയുന്നതിനും അത് സമീപവാസികളുടെ ജീവന് ഭീഷണിയുമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.