മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നപടികൾ ഇഴയുന്നതായി ആക്ഷേപം. ഒരു വർഷം മുമ്പ് നിർദ്ദേശിച്ച ഡയാലിസ് കേന്ദ്രത്തിന് ആവശ്യമായ എസ്റ്റിമേറ്റ് ബന്ധപ്പെട്ട സെക്ഷനിൽ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരാവകാശ രേഖ.
വൃക്കരോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രത്തിനായി നേരത്തേ ആവശ്യമുയർന്നിരുന്നു. ഡയാലിസിസ് കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഡൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ഫാത്തിമ വട്ടോളി കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. നിവേദനത്തെ തുടർന്ന് ഡയാലിസിസ് കേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ സ്ഥല പരിമിതിയുണ്ടെന്നും നിലവിലെ ഒ.പി ബ്ലോക്കിന് മുകളിൽ നാലാം നിലയിൽ പുതിയ ഫ്ലോർ നിർമിച്ച് ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ ആവശ്യമായ എസ്റ്റിമേറ്റ് എൽ.എസ്.ജി.ഡി എൻജിനീയർ മുഖേന തയാറാക്കി നൽകാൻ ബന്ധപ്പെട്ടവരോട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് നിർദേശം നൽകിയത്. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ വർഷം മാർച്ചിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നിവേദനത്തിന് മറുപടി ആയി ഫാത്തിമയെ അറിയിച്ചിരുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇതിന് ആവശ്യമായ എസ്റ്റിമേറ്റ് സെക്ഷനിൽ ലഭ്യമായിട്ടില്ലെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാൽ തുടർ നടപടികൾ സ്വികരിക്കാൻ കഴിയാത്തതിനാൽ ഒരു വർഷമായി ഡയാലിസിസ് ഫയലിന് അനക്കമില്ല. മലപ്പുറം മുൻസിപ്പാലിറ്റിയിലും, കോഡൂർ പഞ്ചായത്ത് ഉൾപ്പെടെ ഉള്ള പരിസര പ്രദേശങ്ങളിലുമുള്ള നിരവധി രോഗികളാണ് ജീവൻ നിലനിർത്താനായി പാതിരാത്രി കളിലും ദൂരെ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പോയി ഡയാലിസിസിന് വരിനിൽക്കുന്നത്. സർക്കാർ മേഖലയിൽ ജില്ലയിൽ 10 ആശുപത്രികളിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജില്ലാ ആസ്ഥാനത്തിനടുത്ത് സർക്കാർ മേഖലയിൽ 25 കിലോമീറ്റർ അകലെ പെരിന്തൽമണ്ണയിലും, മഞ്ചേരി മെഡിക്കൽ കോളജിലും, കൊണ്ടോട്ടിയിലുമാണ് നിലവിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഉളളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.