മലപ്പുറം: ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി 1998ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ ‘കുടുംബശ്രീ’ പ്രതീക്ഷിച്ചതിലും വലിയ വനിത മുന്നേറ്റമായി കാൽ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നു. 25 വർഷത്തിനിടെ കുടുംബശ്രീയുടെ പ്രവർത്തനം വിപുലമാകുകയും സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടന സംവിധാനമായി മാറുകയും ചെയ്തു. സംസ്ഥാനത്ത് കുടുംബശ്രീ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് പദ്ധതിക്ക് തുടക്കമിട്ട ജില്ല കൂടിയായ മലപ്പുറം. സൂക്ഷ്മ സംരംഭങ്ങളിലും മാലിന്യ നിർമാർജനത്തിലും ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിലും മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ മാതൃകയാണ്. മേയ് 17ന് കുടുംബശ്രീ 25 വർഷം തികക്കുമ്പോൾ ജില്ലയിലെ ഈ കൂട്ടായ്മയുടെ വിജയ വഴികളും പദ്ധതികളും വിവിധ ദിവസങ്ങളിലായി പങ്കുവെക്കുകയാണ് ’മാധ്യമം’.
കുടുംബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യമായ സാമ്പത്തിക ശാക്തീകരണം സാധ്യമാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് കുടുംബശ്രീ സൂക്ഷ്മ സംരംഭ വിഭാഗം. ജില്ലയിൽ ആകെ 5000ത്തോളം ചെറുകിട സൂക്ഷ്മ സംരംഭങ്ങളിലായി 20,000ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സാമ്പത്തിക സ്വാശ്രയത്വം പ്രാപ്യമാക്കാനും വേണ്ടിയാണ് മൈക്രോ എന്റർപ്രൈസ് വിഭാഗം പ്രവർത്തിക്കുന്നത്. സംരംഭകർക്കായുള്ള വിവിധതരം പരിശീലനങ്ങൾ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ സംരംഭകരെ സഹായിക്കാനും സംരംഭ നിലവാരം ഉയർത്തിക്കൊണ്ട് വരാനുമായി നിരവധി ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും വിവിധ പദ്ധതികളിലൂടെ നടപ്പാക്കി വരുന്നു. ജനകീയ ഹോട്ടലുകൾ, ന്യൂട്രിമിക്സ് യൂനിറ്റുകൾ, തുണിസഞ്ചി നിർമാണ യൂനിറ്റുകൾ, ഹരിത കർമ സേന, സാന്ത്വനം വളന്റിയർ, ഐ.ടി യൂനിറ്റുകൾ, കറിപൗഡർ യൂനിറ്റുകൾ, എം.ഇ.സി ടീം, ഹോം ഷോപ്പ്, അച്ചാർ യൂനിറ്റുകൾ, വെളിച്ചെണ്ണ യൂനിറ്റുകൾ, ക്ലീനിങ് പ്രോഡക്റ്റ്സ്, ക്രാഫ്റ്റ് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന സംരംഭ വിഭാഗങ്ങൾ.
മലപ്പുറം ജില്ലയിൽ 145 ജനകീയ ഹോട്ടലുകൾ ആരംഭിക്കുകയും അതിലൂടെ 600 വനിതകൾക്ക് തൊഴിലവസരം നൽകാനും കുടുംബശ്രീക്കായിട്ടുണ്ട്. ഇവർക്കായി ജില്ലതലത്തിൽ കൺസോർട്യം രൂപവത്കരിച്ചു. ജില്ലയിലുള്ള 82 തുണിസഞ്ചി നിർമാണ യൂനിറ്റുകൾ കൂട്ടിച്ചേർത്ത് ജില്ലതലത്തിൽ റെയിൻബോ ക്ലോത്ത് യൂനിറ്റ് സൊസൈറ്റി എന്ന പേരിൽ കൺസോർടൃം രൂപവത്കരിക്കുകയും ഒരു വർഷത്തിനിടെ മൂന്നര കോടിയോളം രൂപയുടെ വിറ്റുവരവ് നേടിക്കൊടുക്കാനും സാധിച്ചു. ആയിരത്തോളം വനിതകൾ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. മൈക്രോ സംരംഭ വിഭാഗത്തിലെ വിവിധ ധനസഹായത്തിലൂടെ 56 കോടി രൂപയോളം 3000 സംരംഭകർക്കായി നൽകാൻ സാധിച്ചു. ജില്ലയിൽ 97 ഹരിത കർമ സേനകളിലായി ആയിരത്തോളം കുടുംബശ്രീ വനിതകൾ പ്രവർത്തിച്ചുവരുന്നു. ഇവർക്കായി ജില്ലതലത്തിൽ കൺസോർട്യം രൂപവത്കരിച്ച് പ്രവർത്തിക്കുന്നു.
ജില്ലയിൽ 42 കുടുംബശ്രീ ന്യൂട്രീമിക്സ് യൂനിറ്റുകൾ പ്രവർത്തിക്കുന്നു. 500ഓളം വനിതകൾ ഈ മേഖലയിലുണ്ട്. ഇവർക്കായി ജില്ലതലത്തിൽ ന്യൂട്രിമിക്സ് വെൽഫെയർ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ മൈക്രോ സംരംഭങ്ങളെയും പരമാവധി സഹായിക്കാനും പരിശീലനം നൽകിഅവരെ നല്ല വരുമാന മാർഗത്തിലേക്ക് നയിക്കാനും വേണ്ട നിർദേശങ്ങൾ നൽകി അവരെ സ്വയം പ്രാപ്തരാക്കാനും 32 എം.ഇ.സിമാർ പ്രവർത്തിച്ചുവരുന്നു.
കുടുംബശ്രീ തുടക്കം കുറിച്ച മലപ്പുറം ജില്ലയിൽ 25 വർഷം തികയുമ്പോൾ 25 ഇന പ്രത്യേക പരിപാടികളുമായി ജില്ല മിഷൻ മുന്നേറുകയാണ്. എല്ലാ പഞ്ചായത്തിലും ബഡ്സ്, 50 വയസ്സിന് താഴെയുള്ള മുഴുവൻ വനിതകളെയും എസ്.എസ്.എൽ.സി യോഗ്യരാക്കാനുള്ള ‘യോഗ്യ’ പദ്ധതി, ജനകീയ ഹോട്ടൽ ബ്രാൻഡിങ്, ഡിജിറ്റൽ സാക്ഷരത ഡ്രൈവ്, ഒരു ലക്ഷം പേരുടെ രക്തദാന ഡയറക്ടറി, ലേബർ ബാങ്ക് മുഖേന 10,000 വനിതകൾക്ക് ജോലി തുടങ്ങിയവയാണ് പ്രത്യേക പദ്ധതികൾ. ജില്ലയിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ ഏറെ മുന്നിലാണ്. ഇനിയുമത് തുടരാനാവുമെന്നണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.