മലപ്പുറം: മലപ്പുറം മണ്ഡലത്തിൽ ഭൂമി തരം മാറ്റൽ അപേക്ഷ തീർപ്പാക്കാനുള്ളത് 1,226 എണ്ണം. ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് പൂക്കോട്ടൂർ വില്ലേജിലാണ്. 244 അപേക്ഷകൾ. രണ്ടാമതുള്ള മേൽമുറിയിൽ 189. ആനക്കയം 164, മൊറയൂർ 149, പുൽപ്പറ്റ 138, കോഡൂർ 120, പാണക്കാട് 108, പന്തല്ലൂർ 59, മലപ്പുറം 55 എന്നിങ്ങനെയാണ് തീർപ്പാക്കാനുള്ളത്. ഭൂമി തരം മാറ്റൽ അപേക്ഷകളിൽ താലൂക്ക് തിരിച്ച് കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഏറനാട് താലൂക്കിൽ ലാന്റ് റവന്യു ഡെപ്യൂട്ടി കലക്ടർ, നിലമ്പൂർ-കൊണ്ടോട്ടി എന്നിവിടങ്ങളിലേത് ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ, പെരിന്തൽമണ്ണ സബ് കലക്ടർ, തിരൂർ സബ് കലക്ടർ, തിരൂരങ്ങാടി ലാന്റ് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ, പൊന്നാനി റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളിൽ അടിയന്തരമായി തീർപ്പാക്കുന്നതിന് തിരൂർ, പെരിന്തൽമണ്ണ ആർ.ഡി.ഒ കൂടാതെ ഏറനാട്, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകൾക്കായി അഞ്ച് ജൂനിയർ സൂപ്രണ്ടുമാരും 14 ക്ലർക്കുമാരും അടങ്ങിയ തരംമാറ്റ സെൽ 'ടി' സെഷൻ എന്ന പേരിൽ രൂപവത്കരിച്ചിട്ടുണ്ട്.
ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷനൽ ഓഫിസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കലക്ടർമാർക്ക് കൂടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.