ഇരിമ്പിളിയം: മാതാപിതാക്കളുടെ സ്മരണാർഥം പഞ്ചായത്തിന് മൂന്ന് സെൻറ് സ്ഥലവും കിണറും വിട്ടുനൽകി മക്കളുടെ മാതൃക. ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിൽ നെല്ലിക്കപറമ്പ് പ്രദേശത്ത് പ്രഫ. അബ്ദുല്ല പെരിങ്ങാട്ടുതൊടിയിൽ, ഭാര്യ ആയപറമ്പത്ത് മറിയാമ്മു ടീച്ചർ എന്നിവരുടെ സ്മരണാർഥമാണ് പുതുതായി നിർമിച്ച കിണറും മൂന്ന് സെന്റ് സ്ഥലവും ഇരിമ്പിളിയം പഞ്ചായത്തിന് കൈമാറി മാതൃകയായത്.
പ്രഫ. അബ്ദുല്ലയുടെ സഹോദരൻ പി.കെ. വൈദ്യർ 10 കുടുംബങ്ങൾക്ക് വീട് വെക്കാനാവശ്യമായ സ്ഥലം വിട്ടു നൽകിയിരുന്നു. ഈ പ്രദേശത്ത് സ്ഥലം വാങ്ങി സ്വന്തമായി കിണർ നിർമിച്ച് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നത് പ്രഫ. അബ്ദുല്ലയുടെ ആഗ്രഹമായിരുന്നു.
എന്നാൽ, കിണർ പണി പൂർത്തിയാവും മുമ്പ് അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് മക്കൾ ഈ പ്രവർത്തനം പൂർത്തീകരിച്ച് പൊതുകിണറായി പഞ്ചായത്തിന് വിട്ടുനൽകുകയായിരുന്നു. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു പ്രഫ അബ്ദുല്ല.
മക്കളായ അൻവർ സാജിത്, ഷമീം എന്നിവർ ചേർന്ന് പ്രസ്തുത സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി ചെയർമാൻ വി.ടി. അമീർ, കെ. മാനുപ്പ, കെ. ബാലചന്ദ്രൻ, അമീർ അലി, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.