മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിന്റെ പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളുടെ ക്രമാതീതമായ വർധന. എന്നാൽ പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപവത്കരിക്കുന്ന കാര്യത്തിൽ നിർദേശമില്ല. ഗ്രാമപഞ്ചായത്ത് തലത്തിൽ മാത്രം 223 വാർഡുകൾ വർധനവുണ്ടാകും. പുതിയ പട്ടിക പ്രകാരം ഗ്രാമപഞ്ചായത്തിലാകെ ആകെ 2,001 വാർഡുകളുണ്ടാകും. നിലവിൽ 94 ഗ്രാമപഞ്ചായത്തുകളിലായി 1,778 വാർഡുകളുണ്ട്.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കുറവ് വാർഡ് 15ഉം കൂടുതൽ 24മാണ്. 27 തദ്ദേശ സ്ഥാപനങ്ങളിൽ 24 വാർഡുകളായി ഉയർത്തിയിട്ടുണ്ട്. 23 വാർഡുകളുള്ള അഞ്ച് തദ്ദേശ സ്ഥാപനങ്ങളും 22 വാർഡുകളുള്ള 15 തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. 21 വാർഡുകളുള്ള 15 തദ്ദേശ സ്ഥാപനങ്ങൾ, 20 വാർഡുകളുള്ള ഏഴ്, 19 വാർഡുകളുള്ളത് 12, 18 വാർഡുകളുള്ളത് എട്ട്, 17 വാർഡുകളുള്ളത് രണ്ട്, 16 വാർഡുകളുള്ളത് രണ്ട്, 15 വാർഡുകളുള്ളത് ഒന്നുമാണ് (മക്കരപറമ്പ്) ഉള്ളത്. പുതിയ പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തുകളിലും ഡിവിഷനുകളുടെ എണ്ണം വർധനവുണ്ട്. 15 ബ്ലോക്ക് പഞ്ചായത്തുകളിലായി 250 ഡിവിഷനുകളാണ് വരുന്നത്. നേരത്തെ 223 എണ്ണമായിരുന്നു. 27 എണ്ണത്തിന്റെ വർധനവുണ്ടാകും.
ബ്ലോക്കിൽ 19 ഡിവിഷനുകളുള്ള രണ്ട് തദ്ദേശ സഥാപനങ്ങളും 18 ഡിവഷനുകളുള്ള മൂന്ന് തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. 17 ഡിവിഷനുകളുള്ളത് നാല്, 16 ഡിവിഷനുകളുള്ളത് രണ്ട്, 15 ഡിവിഷനുകളുള്ളത് രണ്ട്, 14 ഡിവിഷനുകളുള്ളത് രണ്ടുമാണ്. ജില്ല പഞ്ചായത്തിൽ 32 ഡിവിഷനിൽ നിന്ന് 33 ആയി ഉയരും. ഒരു ഡിവിഷനാണ് വർധിക്കുക. വാർഡുകൾ വർധിപ്പിച്ചുള്ള തദ്ദേശ വകുപ്പ് വിജ്ഞാപനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി എൽ.എസ്.ജി.ഡിക്ക് സമർപ്പിക്കും. തുടർന്ന് കരട് പ്രസിദ്ധീകരിച്ച് ജനങ്ങളിൽ നിന്ന് ആക്ഷേപം സ്വീകരിക്കാൻ അവസരമുണ്ടാകും. എല്ലാവശവും പരിശോധിച്ചതിന് ശേഷമേ അന്തിമ വിജ്ഞാപനം പുറത്തുവരു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.