മഞ്ചേരി: റവന്യൂ സേവനങ്ങൾ സമ്പൂർണമായി ഡിജിറ്റൽ ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇ-ഓഫിസ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് സമഗ്ര മാറ്റമുണ്ടാകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ. മഞ്ചേരി വായ്പാറപ്പടി ഹില്‍ടണ്‍ ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ ഇ-ഓഫിസ് ജില്ല പ്രഖ്യാപനവും ടി.ഇ.ഒ.സി ഉദ്ഘാടനവും പട്ടയമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
അനധികൃതമായി കൈവശം വെക്കുന്ന ഭൂമി പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. കേരളത്തിലെ 1550 വില്ലേജുകളിലും ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി 5000 പേരെ താല്‍ക്കാലികമായി നിയമിച്ചെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേരളത്തിലെ ആദ്യ ഡിജിറ്റല്‍ പട്ടയ വിതരണ ജില്ലയായി മലപ്പുറത്തെ മന്ത്രി പ്രഖ്യാപിച്ചു. ഓരോ ലാന്‍ഡ് ട്രൈബ്യൂണലിലെയും 25 വീതം കുടുംബങ്ങള്‍ക്കാണ് ഡിജിറ്റല്‍ പട്ടയം വിതരണം ചെയ്തത്. തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലിലെ മേല്‍മുറി പുല്ലാട്ടില്‍ കുഞ്ഞിമരക്കാര്‍ക്ക് ആദ്യ ഡിജിറ്റല്‍ പട്ടയം മന്ത്രി കൈമാറി. ജില്ലയിലെ 1033 കുടുംബങ്ങളാണ് പട്ടയം സ്വീകരിച്ചത്.
മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലില്‍ 123, തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണല്‍ 160, ഏറനാട് താലൂക്കില്‍ 350, പെരിന്തല്‍മണ്ണയില്‍ 250, ദേവസ്വത്തിന് 150 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ അനുവദിച്ചത്. ആദ്യഘട്ട പട്ടയവിതരണ മേളയില്‍ ജില്ലയില്‍ 2061 പട്ടയങ്ങളും രണ്ടാം ഘട്ടത്തില്‍ 8075 പട്ടയങ്ങളും അനുവദിച്ചിട്ടുണ്ട്. നിലവിലെ സര്‍ക്കാറിന്‍റെ കാലത്ത് 10,136 പട്ടയങ്ങളും നല്‍കി. അഡ്വ. യു.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
ടി.വി. ഇബ്രാഹീം എം.എൽ.എ, ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, നഗരസഭ കൗൺസിലർ അഡ്വ. പ്രേമ രാജീവ്, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. സുബ്രഹ്മണ്യൻ, അസീസ് ചീരാന്തൊടി, വല്ലാഞ്ചിറ മുഹമ്മദലി, കെ.പി.എ. നസീർ, കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജി, ഹസ്സൻ മാസ്റ്റർ, എ.ഡി.എം എൻ.എം. മെഹറലി എന്നിവർ സംസാരിച്ചു.
നിലമ്പൂർ: സർക്കാർഭൂമി കൈയേറിയവർ എത്ര ഉന്നതരായാലും ഭൂമി ഒഴിപ്പിച്ചെടുക്കുമെന്ന് റവന‍്യൂ-ഭവന നിർമാണ മന്ത്രി കെ. രാജൻ. നിലമ്പൂർ താലൂക്കിലെ ജില്ലതല പട്ടയമേളയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം നിലമ്പൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൈയേറ്റ ഭൂമി ഒഴിപ്പിച്ചെടുത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകി അവരെ സ്വന്തം ഭൂമിയുടെ അവകാശികളാക്കും.
പ്രളയം ഏറെ കെടുതിവരുത്തിയ നിലമ്പൂരിലെ കുടുംബങ്ങളുടെ ഭൂമിവിഷയം ചർച്ച ചെയ്യാൻ ജൂണിൽ തിരുവനന്തപുരത്ത് വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. 1966ന് ശേഷമുള്ള വലിയ റീസർവേ നടപടിയാണ് നടക്കുന്നത്. 1500 വില്ലേജിൽ സർവേ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ‍്യമിടുന്നത്. ഭൂമിയില്ലാത്തവരെ കണ്ടെത്തി പരമാവധി കുടുംബങ്ങൾക്ക് പട്ടയം നൽകാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.15 കുടുംബത്തിന് മിച്ചഭൂമി പട്ടയവും 87 കുടുംബത്തിന് ലാൻഡ് ട്രൈബ്യൂണൽ പട്ടയവും ഉൾപ്പെടെ 102 പട്ടയം വിതരണം ചെയ്തു. അമരമ്പലം വില്ലേജിൽ ഉൾപ്പെട്ട അഞ്ചര ഏക്കർ മിച്ചഭൂമിയിലെ 2.4 ഏക്കറിന്‍റെ പട്ടയമാണ് 15 കുടുംബത്തിന് നൽകിയത്.
പി.വി. അൻവർ എം.എൽ.എ അധ‍്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, പി.കെ. ബഷീർ എം.എൽ.എ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, പി.എം. ബഷീർ, എ. ഗോപിനാഥൻ, എം.എ. തോമസ്, ഇസ്മായിൽ എരഞ്ഞിക്കൽ, പരുന്തൻ നൗഷാദ്, കെ.പി. പീറ്റർ, ബിനോയ് പാട്ടത്തിൽ, പറാട്ടി കുഞ്ഞാൻ, കെ. രാജ്മോഹൻ എന്നിവർ സംസാരിച്ചു. കലക്ടർ വി.ആർ. പ്രേംകുമാർ സ്വാഗതവും എ.ഡി.എം എൻ.എം. മെഹറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.