തിരൂർ: ജില്ലയോടുള്ള റെയിൽവേയുടെ അവഗണന തുടർക്കഥയാവുന്നു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനും തിരൂരിൽ സ്റ്റോപ്പ് ഇല്ല. ഒന്നാംഘട്ട പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ജില്ലയിലെ യാത്രക്കാർക്ക് നേരിയ ആശ്വാസം നൽകിയിരുന്നു. പിറകെ യാത്രാ ഷെഡ്യൂൾ പുറത്തുവന്നതോടെ അതിൽ തിരൂരിൽ സ്റ്റോപ്പില്ല. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ നിലവിൽ 20 ഓളം ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. ഇത്രയും ട്രെയിനുകൾക്ക് ജില്ലയിൽ സ്റ്റോപ്പില്ല എന്ന് ചുരുക്കം. പ്രതിവർഷം 30 കോടിയിലധികം വരുമാനം ലഭിക്കുന്ന തിരൂർ സ്റ്റേഷൻ സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള സ്റ്റേഷൻകൂടിയാണ്.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി
നീതീകരിക്കാനാവാത്ത കാര്യം. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണനക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകും.
കെ.ടി. ജലീൽ എം.എൽ.എ
വന്ദേ ഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ? മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.
സി.പി.എം
മലപ്പുറം ജില്ലയോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയുടെ ഭാഗമാണ് തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കിയ നടപടി. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്ന് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു.
സി.പി.ഐ
വളരെ ആഘോഷപൂര്‍വം അറിയിക്കപ്പെട്ട് 25 മുതല്‍ കേരളത്തില്‍ ഓടിത്തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയില്‍ ഒരു സ്റ്റോപ്പ് പോലും അനുവദിക്കാത്തത് ജില്ലയോടുള്ള റെയില്‍വേയുടെ അവഗണനയുടെ തുടര്‍ച്ചയാണ് കാണിക്കുന്നതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
വെൽഫെയർ പാർട്ടി
സംസ്ഥാനത്തിന് അനുവദിച്ച ഏക വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കെ മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്ത നടപടി റെയിൽവേ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ്
ജില്ലയിലെ ജനങ്ങൾക്ക് പുതിയ ട്രെയിനിന്റെ ഗുണം ലഭിക്കാത്തതിന് പിന്നിൽ ബി.ജെ.പി - സംഘപരിവാർ രാഷ്ട്രീയ അജണ്ടയാണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ട ജില്ലയിൽ നിന്നുള്ള പാർലിമെന്റ് അംഗങ്ങൾ പാലിക്കുന്ന മൗനം ജനം തിരിച്ചറിയുമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ഇ.വി. അനീഷ്, സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി എന്നിവർ അറിയിച്ചു.
എൻ.സി.പി
തിരൂരിനെ അവസാന നിമിഷം വെട്ടിമാറ്റി ജില്ലയിലെ യാത്രക്കാരെ പരിഹസിച്ച കേന്ദ്ര സർക്കാർ നടപടി അപലപനീയമാണെന്ന് എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി
ഐ.എൻ.എൽ
ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തീരൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഐ.എൻ.എൽ. ജില്ല സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു
എൻ.വൈ.എൽ
വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നതും വാഗൺ രക്തസാക്ഷികളുടെ ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്തതും കേന്ദ്രം ഭരിക്കുന്നത് മുസ്ലിം വംശവെറിയുടെ വക്താക്കളായതുകൊണ്ടാണെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത്
വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.