മലപ്പുറം: കഴിഞ്ഞ സംസ്ഥാന ബജറ്റ് ജില്ലക്ക് നിരാശയുടേതായിരുന്നു. ഇത്തവണ ജില്ല കൂടുതൽ പ്രതീക്ഷ വെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ മറ്റു മൂന്നു തുറമുഖങ്ങൾക്കൊപ്പം പൊന്നാനി തുറമുഖത്തിനും ഫണ്ട് നൽകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. പൊന്നാനി അഴിമുഖത്തിന്റെ ആഴംകൂട്ടാൻ ഇത്തവണ ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ ബജറ്റിൽ പരമാർശിച്ച പരപ്പനങ്ങാടി റീജനല്‍ സയന്‍സ് പാർക്കിന്റെ പൂർത്തീകരണത്തിന് ഫണ്ടൊന്നും ലഭിച്ചില്ല.
മലപ്പുറത്ത് കരിയർ വികസന കേന്ദ്രം യാഥാർഥ്യമാക്കുമെന്ന ധനമന്ത്രിയുടെ പ്രസംഗവും വെള്ളത്തിൽ വരച്ച വരയായി. കരിയർ വികസന കേന്ദ്രത്തിന് പ്രത്യേകം തുക വകയിരുത്തിയിരുന്നില്ല. കൊണ്ടോട്ടി മോയിൻകുട്ടി മാപ്പിളകല അക്കാദമി വികസനത്തിന് 15 ലക്ഷം അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും പദ്ധതികളൊന്നും യാഥാർഥ്യമായില്ല.
പി. ഉബൈദുല്ല എം.എൽ.എയുടെ സമ്മർദ്ദത്തെതുടർന്ന് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക വെച്ചിരുന്നെങ്കിലും പിന്നീട് സർക്കാർ ഒന്നും നൽകിയില്ല. കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ ഇപ്പോഴും പൂർത്തിയായിട്ടുമില്ല. മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യു ടവർ നിർമാണത്തിനും കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക ഉണ്ടായിരുന്നു. റവന്യൂടവറിനുള്ള പ്രപ്പോസൽ ഇപ്പോഴും സർക്കാറിന്റെ മേശപ്പുറത്താണ്. ടോക്കൺത്തുക വെച്ചിട്ടും ഒന്നുമാവാതെ പോയതാണ് മലപ്പുറം ഗവ. കോളജിന്റെ പുതിയ കെട്ടിട നിർമാണം.
കഴിഞ്ഞ തവണ ഉയർന്ന തുകക്കുള്ള പദ്ധതി ജില്ലക്ക് മാത്രമായിട്ടുണ്ടായിരുന്നില്ല. ഈ വർഷം മലപ്പുറം റവന്യു ടവർ, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, കരിയർ വികസന കേന്ദ്രം ഉൾപ്പെടെ ബജറ്റിൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ബജറ്റിൽ 16 മണ്ഡലങ്ങളിൽ നിന്നും എം.എൽ.എമാർ നൽകിയ നിർദേശങ്ങളിൽ ചിലതിന് മാത്രം മുഴുവനോ പാതിയോ തുകയും ബാക്കി വരുന്ന പദ്ധതികൾക്ക് ടോക്കണായി 100 രൂപ മാത്രവുമാണ് അനുവദിച്ചത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ഇത്തവണ കൂടുതൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ ജനപ്രതിധിനികൾക്കുണ്ട്.
മലപ്പുറം: മലബാര്‍ സാഹിത്യ സര്‍ക്യൂട്ടിന് കൂടുതൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല. തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിയിട്ടുള്ളതാണ് നിർദിഷ്ട ടൂറിസം സാഹിത്യ സര്‍ക്യൂട്ട്. കഴിഞ്ഞ ബജറ്റിൽ 50 കോടി രൂപയാണ് സർക്യൂട്ടിന് അനുവദിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളെ കോർത്തിണക്കിയുള്ള പദ്ധതി ഇപ്പോഴും പൂർണതോതിൽ പ്രാവർത്തികമായിട്ടില്ല.
പരപ്പനങ്ങാടി: സംസ്ഥാന ബജറ്റിൽ പരപ്പനങ്ങാടിക്ക് അർഹമായ പരിഗണന വേണമെന്ന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ ആവശ്യപ്പെട്ടു. പി.കെ. അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ അനുവദിച്ച പരപ്പനങ്ങാടി റീജനൽ സയൻസ് പാർക്ക്, ലാൽ ബഹദൂർ ശാസ്ത്രി ഇന്റഗ്രൽ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് ആൻഡ് ടെക്നോളജി, ശാസ്ത്ര ഗവേഷണ പഠന സമുച്ചയം എന്നീ ഉന്നത വൈജ്ഞാനിക കേന്ദ്രങ്ങളുടെ പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണം. കടൽഭിത്തി നിർമാണത്തിനും കടലുണ്ടി പുഴ സംരക്ഷണ ഭിത്തി നിർമാണത്തിനും ബജറ്റിൽ ഫണ്ട് വകയിരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.