മലപ്പുറം: രണ്ട് വർഷം മുമ്പ് കോട്ടപ്പടി ബസ് സ്റ്റാൻഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ 'എെൻറ ഹോട്ടൽ' മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ലോക്ഡൗണിനെത്തുടർന്ന് പൂട്ടിയിട്ട ഹോട്ടൽ വാടക കുടിശ്ശിക നൽകാതെ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് നഗരസഭ. വാടക ഇനത്തിൽ ഒന്നര ലക്ഷത്തിലധികം രൂപ അടക്കാനുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇളവ് ചെയ്ത് തരുന്നതിന് നടത്തിപ്പുകാരും സി.ഡി.എസ് ചെയർപേഴ്സനും നഗരസഭക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.
2018 ജൂലൈയിലാണ് നഗരസഭ പദ്ധതിയായ 'എെൻറ ഹോട്ടൽ' പ്രവർത്തനം തുടങ്ങിയത്. 25 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും അഞ്ച് ലക്ഷത്തിെൻറ അടുക്കള സാമഗ്രികളും നഗരസഭ ഒരുക്കി. തൽക്കാലം വാടക നൽകേണ്ടെന്നും പദ്ധതി വിജയിച്ചാൽ കരാറുണ്ടാക്കാമെന്നും അധികൃതർ കുടുംബശ്രീ പ്രവർത്തകരോട് പറഞ്ഞിരുന്നു. 2019 ജനുവരി മുതൽ ഇവർ വാടക നൽകി. ഇതിനിടെ ആദ്യത്തെ ആറ് മാസത്തെ കുടിശ്ശിക നൽകാൻ നഗരസഭ ആവശ്യപ്പെട്ടിരുന്നു. പ്രയാസമുണ്ടെന്നും ഒഴിവാക്കിത്തരണമെന്നും നടത്തിപ്പുകാർ അഭ്യർഥിച്ചതിനെത്തുടർന്ന് വിഷയം കൗൺസിലിലെത്തി. 1.25 ലക്ഷം കുടിശ്ശികയിൽനിന്ന് 10,000 രൂപ കുറച്ചുകൊടുക്കാമെന്നും ബാക്കി ഗഡുക്കളായി അടക്കട്ടെയെന്നുമായിരുന്നു അന്നത്തെ തീരുമാനം.
10,000 രൂപ വെച്ച് 15 മാസത്തിലധികം വാടക കുടിശ്ശികയുണ്ട്. ഇതിൽ ഇളവ് നൽകണമെന്ന് അഭ്യർഥിച്ചാണ് നടത്തിപ്പുകാർ വീണ്ടും നഗരസഭയെ സമീപിച്ചിരിക്കുന്നത്. വിഷയം കഴിഞ്ഞ ദിവസവും കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നു. വാടക ഇനത്തിൽ തുക കുറവ് വരുത്തി നൽകുന്നതിന് നഗരസഭക്ക് പരിമിതിയുണ്ടെന്നും 10,000 രൂപയിൽ അധികം വരുന്ന എല്ലാ ഒഴിവാക്കലിനും സർക്കാർ അനുമതി ആവശ്യമാണെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. ഇതോടെ, സ്ത്രീകൾക്ക് ജോലിയും പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണവും നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച 'എെൻറ ഹോട്ടൽ' വീണ്ടും തുറക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.