മലപ്പുറം: കാൽപന്തിനെ ഹൃദയതാളമാക്കിയ നാട്ടിൽ പിറവിയെടുത്ത പ്രഫഷനൽ ഫുട്ബാൾ ക്ലബ്. ആരാധക പിന്തുണ കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ചവർ. മികച്ച കോച്ചിനെയും ഒരു പറ്റം നല്ല കളിക്കാരെയും ടീമിലെത്തിച്ച് മലപ്പുറം മനസ്സിൽ കൊത്തിവെച്ച പേര്. കളിക്കളത്തിനും ഗാലറിക്കുമപ്പുറം സോഷ്യൽ മീഡിയയിലും ആരാധകരുടെ ശക്തി തെളിയിച്ചവർ. സൂപ്പർ ലീഗ് കേരളയിൽ ഏറെ പെരുമയുമായാണ് മലപ്പുറം ഫുട്ബാൾ ക്ലബ് പിറവിയെടുത്തത്. എന്നാൽ വിശേഷണങ്ങൾക്കപ്പുറം കളിക്കളത്തിൽ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തരാണെന്ന് ആരും പറയില്ല. ടൂർണമെന്റിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രം. മൂന്ന് തോൽവികൾക്ക് പുറമേ രണ്ട് സമനിലകൾ. ഒരു കളി മഴ കാരണം മാറ്റിവെച്ചു. ആരാധകർ ആർത്തിരമ്പിയെത്തിയ സ്വന്തം തട്ടകത്തിൽ ഇത് വരെ ജയമറിഞ്ഞിട്ടില്ല. ഹോം ഗ്രൗണ്ടിൽ ആകെ നേടിയത് ഒരൊറ്റ ഗോൾ മാത്രം. വാങ്ങിക്കൂട്ടിയതോ അഞ്ച് ഗോളുകളും.
ആക്രമണത്തിന്റെ മൂർച്ചക്കുറവും പ്രതിരോധത്തിലെ പാളിച്ചകളും ടീമിന്റെ ജയത്തിന് പലപ്പോഴും തടസ്സം സൃഷ്ടിച്ചു. ക്യാപ്റ്റൻ അനസ് എടത്തൊടികയുൾപ്പെടെയുള്ള പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായതും ടീമിന് തിരിച്ചടിയായി. ഇനി ടൂർണമെന്റിന്റെ അവസാന നാലിൽ ക്ലബ് ഇടം പിടിക്കണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. എങ്കിലും തങ്ങളുടെ ഇഷ്ട ടീമിനെ തള്ളിപ്പറയാനോ എഴുതിത്തള്ളാനോ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. ഏഴ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ടീമിന്റെ പ്രകടനവും ശക്തിയും ദൗർബല്യവും വിലയിരുത്തി തങ്ങളുടെ അഭിപ്രായങ്ങൾ മാധ്യമത്തോട് പങ്കുവെക്കുകയാണ് മലപ്പുറത്തെ ഫുട്ബാൾ താരങ്ങളും വിദഗ്ധരും ആരാധകരും.
ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീം ഇതുവരെ എത്തിയിട്ടില്ല. ആദ്യ കളിയിലെ ഊർജ്ജം മറ്റു മത്സരങ്ങളിൽ കണ്ടില്ല. മികച്ച താരങ്ങളാണ് ടീമിലുള്ളതെങ്കിലും കളിക്കളത്തിലെ താരങ്ങളുടെ സ്വരച്ചേർച്ചയില്ലായ്മ പലപ്പോഴും വിജയത്തിന് വിലങ്ങുതടിയായി. പ്രകടനത്തിൽ സംതൃപ്തരല്ലെങ്കിലും ടീമിന് പിന്തുണ നൽകാൻ അൾട്രാസ് എന്നും മുന്നിലുണ്ടാവും. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ വിജയക്കൊടി പാലിക്കും. ആ വിജയത്തിനായി ചെയ്യാനുള്ളതെല്ലാം ചെയ്യും.
-ടി.വി. അഷ്ബർ, (എം.എഫ്.സി ആരാധക കൂട്ടായ്മ അൾട്രാസ് പ്രസിഡന്റ്)
മലപ്പുറത്തിന്റെ ഫുട്ബാൾ പെരുമ വാനോളം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം ഫുട്ബാൾ ക്ലബിനെ നോക്കിക്കണ്ടത്. എന്നാൽ കളിയാധകരെയെന്നല്ല സ്വന്തം ആരാധകരെ പോലും തൃപ്തിപ്പെടുത്താൻ ടീമിന് സാധിച്ചിട്ടില്ല. പ്രഫഷനൽ ഫുട്ബാൾ ചുവടുകൾ എന്നെല്ലാം വാചലമാകുമ്പോൾ തന്നെ ആരാധകർക്ക് മുന്നിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കൂടി ടീമിന് കഴിയണം. സെവൻസ് ഫുട്ബോളിനെ നെഞ്ചേറ്റിയ ഒരു നാട്ടിൽനിന്ന് ഒരു പ്രഫഷനൽ ക്ലബ് പിറവി കൊള്ളുമ്പോൾ അതിന്റേതായ നിലവാരത്തിലേക്ക് ടീം ഉയരേണ്ടതുണ്ട്.
-മഅ്റൂഫ് തോട്ടുപൊയിൽ (ഫുട്ബാൾ ആരാധകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.