നിർവഹണ ചുമതല പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിന്
മലപ്പുറം: നഗര സൗന്ദര്യവത്കരണ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പി. ഉബൈദുല്ല എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മലപ്പുറം മുനിസിപ്പൽ ഗെസ്റ്റ് ഹൗസിൽ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി-വ്യാപാരി പ്രതിനിധികളും പങ്കെടുത്തു. 2024-‘25 വർഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപയാണ് മലപ്പുറം നഗര സൗന്ദര്യവത്കരണത്തിന് അനുവദിച്ചത്.
നഗരത്തിലെ പ്രധാന റോഡുകളിലും സിവിൽ സ്റ്റേഷൻ പരിസരത്തും നടപ്പാതകൾ നിർമിച്ച് ഇന്റർലോക്ക് വിരിക്കൽ, ഡിവൈഡറുകളിൽ പുൽത്തകിടിയും ലൈറ്റുകളും സ്ഥാപിക്കൽ, കൈവരി, പ്ലാന്റേഷൻ, ലാൻഡ് സ്കേപിങ്, ബസ്ബേകൾ, കിഴക്കേത്തല മുതൽ കലക്ടർ ബംഗ്ലാവ് വരെ പ്രധാന ജങ്ഷനുകളിൽ മിനി പാർക്കുകൾ, താമരക്കുഴി ആലുംകുണ്ട് ഇക്കോ ടൂറിസം ആൻഡ് ബയോ ഡൈവേഴ്സിറ്റി പാർക്ക് തുടങ്ങിയ നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തെ നിർവഹണ ചുമതല ഏൽപ്പിച്ചു. യോഗശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുന്നുമ്മൽ, പൊലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരം, കോട്ടപ്പടി ടൗൺ, കിഴക്കേത്തല ജങ്ഷൻ എന്നിവിടങ്ങൾ സന്ദർശിച്ചു.
യോഗത്തിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, സി.പി. ആയിഷാബി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ സി. സുരേഷ്, മഹ്മൂദ് കോതേങ്ങൽ, കെ.പി. ശെരീഫ്, പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ അസീസ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജീനിയർ കെ. മുഹമ്മദ് ഇസ്മായിൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, കെ.എസ്.ആർ.ടി.സി മലപ്പുറം യൂനിറ്റ് ഓഫിസർ ജോഷി ജോൺ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്. സജീവ്, മുനിസിപ്പൽ സെക്രട്ടറി കെ.പി. ഹസീന, അസി. എൻജിനീയർമാരായ വിമൽ രാജ്, എ. ഇൻസാഫ്, പി.ആർ. റെജി, ഡി.ടി.പി.സി പ്രതിനിധി അൻവർ അയമോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹാരിസ് ആമിയൻ, എം.പി. മുഹമ്മദ്, പി.സി. വേലായുധൻ കുട്ടി, പി.കെ. ബാവ, കെ.പി. ഫൈസൽ, ഈസ്റ്റേൺ സലീം, ഷൗക്കത്ത് ഉപ്പൂടൻ, സുഹൈൽ സാദ്, വ്യാപാരി വ്യവസായി എകോപന സമിതി പ്രതിനിധി കെ. എം. മുജീബ്, ഓവർസിയർമാരായ പി. പ്രജിത, അനുരൂപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.