മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) ബാധിച്ച് ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യത്തിന് മരുന്നില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ലൈപോസോമൽ ആംഫോടെറിസിൻ, ആംഫോടെറിസിൻ എന്നിങ്ങനെ രണ്ടു മരുന്നിെൻറയും സ്റ്റോക്ക് കഴിഞ്ഞ ദിവസം തീർന്നു.
ഗൂഡല്ലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള 11 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഒമ്പതുപേരെയും ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരാഴ്ച മുമ്പ് 50 വയൽ മരുന്ന് എത്തിച്ചെങ്കിലും രോഗികൾ വർധിച്ചത് ക്ഷാമത്തിന് ഇടയാക്കി. രോഗ തീവ്രത അനുസരിച്ച് അഞ്ച് മുതൽ പത്ത് വരെ വയൽ ഒരു രോഗിക്ക് നൽകേണ്ടതുണ്ട്. ക്ഷാമത്തെ തുടർന്ന് മൂന്ന് ഡോസ് പോലും നൽകാനാവാത്ത സ്ഥിതിയാണ്.
സ്വകാര്യ ആശുപത്രികളിൽനിന്ന് അടക്കം മരുന്ന് എത്തിച്ചാണ് ചികിത്സ മുന്നോട്ടുപോകുന്നത്. ആവശ്യത്തിന് മരുന്ന് കിട്ടാത്തത് രോഗികളുടെ ജീവൻതന്നെ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ. ജില്ല മെഡിക്കൽ ഓഫിസർ വഴി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ നിന്ന് മരുന്ന് എത്തിച്ചെങ്കിലും രോഗികൾ വർധിച്ചുവരുന്നതിനാൽ ഇത് തികയാതെ വരുകയാണ്. കേന്ദ്രസർക്കാർ മുഖേനയാണ് സംസ്ഥാനങ്ങൾക്ക് മരുന്നെത്തിക്കുന്നത്. യഥാസമയം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധിച്ച് പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മുഖേന മരുന്നെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.