മഞ്ചേരി: ഒടുവിൽ ഒരുവർഷത്തിനുശേഷം ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം ചേരാൻ തീരുമാനം. ഈ മാസം ഏഴിന് ജില്ല കലക്ടറുടെ ചേംബറിലാണ് യോഗം. കഴിഞ്ഞവർഷം സെപ്റ്റംബർ 15നാണ് അവസാനമായി യോഗം ചേർന്നത്. വികസന സമിതി യോഗം ചേരാത്തതിനെതിരെ അംഗങ്ങൾ പരാതി ഉന്നയിച്ചിരുന്നു. ആശുപത്രിയിൽ നടക്കുന്ന കാര്യങ്ങളൊന്നും ജനപ്രതിനിധികൾ അറിയുന്നില്ലെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കാനും പുതിയ ആളുകളെ നിയമിക്കാനും നടപടിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് നടപ്പാകുന്നില്ലെന്നും പരാതി ഉയർന്നു. എച്ച്.ഡി.എസ്, ആർ.എസ്.ബി.വൈ, ജനത ഫാർമസി അക്കൗണ്ടുകളുടെ വരവ് ചെലവ് കണക്കുകൾ ചർച്ച ചെയ്ത് അംഗീകരിക്കൽ, മെഡിക്കൽ കോളജ്, ആശുപത്രിയുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികളുടെ പുരോഗതി ചർച്ച ചെയ്യൽ, നടന്നുകൊണ്ടിരിക്കുന്നതും പുതുതായി തുടങ്ങുന്നതുമായ വിവിധ പ്രവൃത്തികളും ആശുപത്രിയിലേക്ക് സാമഗ്രികൾ വാങ്ങിയതും അംഗീകരിക്കൽ തുടങ്ങിയ അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുക.
കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റു ഗവ. ആശുപത്രികളിലും ബി.പി.എൽ കാർഡ് ഉടമകൾക്ക് വിവിധ പരിശോധനകൾ സൗജന്യമാണ്. എന്നാൽ, ഇവിടെ ബി.പി.എൽ കാർഡുകാർക്കും ഫീസ് ഈടാക്കുന്നുണ്ട്. ഇക്കാര്യവും ചർച്ചയാകുമെന്നാണ് വിവരം. കൂടാതെ ആശുപത്രി വികസനത്തിനായി കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തതും യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചേക്കും. യോഗം ചേരാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമിതിയിലെ എം.പിയുടെ പ്രതിനിധിയും മുസ്ലിം ലീഗ് ജില്ല വൈസ് പ്രഡിഡൻറുമായ വല്ലാഞ്ചിറ മുഹമ്മദലി ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.