മഞ്ചേരി: ഇരുമ്പുഴി കോണിക്കല്ലിൽ ക്ഷേത്രത്തിൽ മോഷണം. കുടുംബ ക്ഷേത്രമായ മൂടേപുറത്ത് മുത്തൻ ക്ഷേത്രം, ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കുടുംബ ക്ഷേത്രത്തിൽനിന്ന് പഞ്ചലോഹ വിഗ്രഹം നഷ്ടമായി. ക്ഷേത്രങ്ങളുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെ കർമങ്ങൾ ചെയ്യുന്ന ബാലകൃഷ്ണൻ കൃഷി സ്ഥലത്തേക്ക് ഇറങ്ങിയ സമയത്ത് ക്ഷേത്രത്തിലേക്ക് പ്രാർഥിക്കാൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഇതോടെ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചു. ദേവീ ക്ഷേത്രത്തിൽനിന്ന് ഒന്നും നഷ്ടമായില്ലെങ്കിലും പൂജക്ക് ഉപയോഗിക്കുന്ന നെയ്യുപയോഗിച്ച് ചുമരില്‍ ‘മിന്നല്‍ മുരളി’ എന്നെഴുതിയിട്ടുണ്ട്. ശ്രീകോവിലിനുള്ളിലെ സ്വര്‍ണമാലയും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള നിലവിളക്കുകളുമൊന്നും നഷ്ടമായിട്ടില്ല. ഭണ്ഡാരവും പൊളിച്ചിട്ടില്ല. വിഗ്രഹം മാത്രം ലക്ഷ്യം വെച്ചാണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ക്ഷേത്രത്തിലെ ദേവിയുടെ സ്റ്റിക്കറുകൾ പറിച്ചിട്ടിട്ടുണ്ട്. ബോർഡുകളും നശിപ്പിച്ചു.
മാസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ പൂജ കർമങ്ങൾ നടക്കാറുള്ളത്. നഷ്ടപ്പെട്ട പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വില വരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മഞ്ചേരി സി.ഐ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. നേരത്തേ മഞ്ചേരിയിലെ എട്ടിയോട്ട് അയപ്പ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.