മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം അംബേദ്കർ ഗ്രാമത്തിലേക്ക് പാലം നിർമിക്കണമെന്ന കാലങ്ങളായുള്ള പരാതിക്ക് പരിഹാരമാകുന്നു. പ്രദേശത്ത് പാലം നിർമിക്കുന്നതിന് 34 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. സാങ്കേതികാനുമതി ലഭിക്കുന്നതിന് മുന്നോടിയായി പൊന്നാനി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് സർവേ നടത്തി. പദ്ധതിക്കാവശ്യമായ സ്ഥല ലഭ്യത ഉറപ്പുവരുത്തുന്നതിനും പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനും വേണ്ടിയാണ് സർവേ നടത്തുന്നത്. അപ്രോച്ച് റോഡിനുള്ള സ്ഥലം നിർണയിക്കുന്നതിന് വേണ്ടിയാണ് സർവേ നടത്തിയത്.
സ്ഥല ലഭ്യത ഉറപ്പുവരുത്തി പദ്ധതി സാങ്കേതികാനുമതിക്കായി സമർപ്പിക്കും. 7.5 മീറ്റർ വീതിയിലും 465 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുന്നത്. ഇതിൽ 5.50 മീറ്റർ വീതിയിൽ റോഡും ഇരു ഭാഗങ്ങളിലുമായി 1.30 മീറ്റർ വീതം ഫുട്പാത്തും നിർമിക്കും.
നിലവിലെ ബണ്ട് റോഡിലൂടെ ജനങ്ങൾക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. 70 ലക്ഷം രൂപ 2017 -18ൽ എം.എൽ.എ ഫണ്ട് ബണ്ട് പുനർനിർമാണത്തിന് വകയിരുത്തി നിർമാണം തുടങ്ങിയെങ്കിലും ബണ്ട് ചളിയിൽ താഴ്ന്നു. ശാസ്ത്രീയ പഠനം നടത്താതെ തുടങ്ങിയ പ്രവൃത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാതെ അവസാനിപ്പിച്ചു. ചളിയുള്ളത് കാരണം നിർമാണം സാധ്യമല്ലെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഇവിടെ പാലം നിർമാണത്തിനായി രണ്ടുതവണയായി 40 കോടി അനുവദിച്ച് ഉത്തരവായിരുന്നു. മഴക്കാലമായാൽ വഞ്ചിയിൽ മാത്രമേ യാത്രചെയ്യാൻ കഴിയൂ. സർവേ നടപടികൾക്ക് പി.ഡബ്ല്യു.ഡി ഓവർസിയർ സൗമ്യ, എ.ഇ ടി.ആർ. ജിതിൻ, പൊന്നാനി താലൂക്ക് സർവേ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന, റെജുല ആലുങ്കൽ, ബൽക്കീസ് തൈപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.