വിരമിച്ചിട്ട്​ ഒരു വർഷം: ക്ഷേമനിധി ആനുകൂല്യം ലഭിക്കാതെ ആയിരത്തിലധികം അംഗൻവാടി ജീവനക്കാർ

മലപ്പുറം: കഴിഞ്ഞ വർഷം വിരമിച്ച 1299 അംഗൻവാടി ജീവനക്കാർക്ക് ക്ഷേമനിധി ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 2021 ഏപ്രിൽ 30ന് വിരമിച്ച 647 വർക്കർമാരും 652 ഹെൽപർമാരുമാണ് ആനുകൂല്യങ്ങൾക്കായി ഒരു വർഷമായി കാത്തിരിക്കുന്നത്. 62 വയസ്സ് വരെ ജോലി ചെയ്ത് വിരമിക്കുമ്പോൾ ക്ഷേമനിധിയിൽ അടച്ച തുകയും സർക്കാർ വിഹിതവും അതിന്‍റെ പലിശയുമാണ് ക്ഷേമനിധി ആനുകൂല്യമായി നൽകുന്നത്. അധ്യാപകർക്ക് 15,000 രൂപയും ഹെൽപർക്ക് 10,000 രൂപയുമാണ് ഗ്രാറ്റുവിറ്റിയായി നൽകുന്നത്. ഇതാണ് വിരമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നൽകാതിരിക്കുന്നത്.

ക്ഷേമനിധി ബോർഡിന്‍റെ രണ്ട് അക്കൗണ്ടുകളിലായി 4,22,95,301 രൂപ നിലവിലുണ്ടെന്നും അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ക്ഷേമനിധി ബോർഡിന് 2020-21 വരെയുള്ള സർക്കാർ വിഹിത കുടിശ്ശികയായി 6,71,38,363 രൂപ ലഭിക്കാനുണ്ടെന്നും പൊതുപ്രവർത്തകൻ മച്ചിങ്ങൽ മുഹമ്മദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. അംഗൻവാടി വർക്കർമാർ 500 രൂപയും ഹെൽപർമാർ 250 രൂപയുമാണ് പ്രതിമാസം ക്ഷേമനിധി വിഹിതമായി അടക്കേണ്ടത്. കാലാവധിക്ക്ശേഷം അടച്ച തുകയും പലിശയും സർക്കാർ നൽകുന്ന വിഹിതവുമാണ് ക്ഷേമനിധി ആനുകൂല്യമായി നൽകുന്നത്.

ക്ഷേമനിധിയിലുള്ളത് 59,441 അംഗങ്ങൾ

നിലവിൽ ക്ഷേമനിധിയിൽ 31,503 വർക്കർമാരും 27,938 ഹെൽപർമാരുമടക്കം ആകെ 59,441 അംഗങ്ങളാണുള്ളത്. ക്ഷേമനിധിയിൽ ചേർന്നവർക്ക് മാത്രമാണ് പെൻഷൻ നൽകുന്നത്. പെൻഷൻ ലഭിക്കാൻ 62 വയസ്സ് വരെ ജോലിയിൽ തുടരണം. അംഗൻവാടി വർക്കർ /ഹെൽപർ തസ്തികയിൽ 10 വർഷമോ അതിൽ കൂടുതലോ ജോലി ചെയ്തവരും ക്ഷേമനിധിയിൽ അംഗത്വമുള്ളവരും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വരാത്തവരുമായ ജീവനക്കാർക്ക് 62 വയസ്സ് തികയുന്ന തീയതി മുതൽ പെൻഷന് അർഹത ഉണ്ടായിരിക്കും. കാലാവധിക്ക് ശേഷം വർക്കർമാർക്ക് പ്രതിമാസം 2500 രൂപയും ഹെൽപർമാർക്ക് 1500 രൂപയുമാണ് പെൻഷനായി നൽകുന്നത്. നിലവിൽ 6905 വർക്കർമാർക്കും 7764 ഹെൽപർമാർക്കുമാണ് പെൻഷൻ നൽകുന്നത്.

Tags:    
News Summary - More than a thousand Anganwadi workers without welfare benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.