തിരൂരങ്ങാടി: ‘നിയമം കനലല്ല, തണലാണ്’ എന്ന ഓർമപ്പെടുത്തലുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. വാഹനാപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നവർക്ക് നിയമത്തിന്റെ നൂലാമാലകൾ വിനയാവില്ലെന്ന് ഉറപ്പുനൽകി പ്രചോദിപ്പിക്കുന്ന വിവരങ്ങൾ, രക്ഷക സംരക്ഷണ നിയമം -മാർഗരേഖ എന്ന തലക്കെട്ടിൽ പ്രധാന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയാണ് അധികൃതർ.
ദേശീയ- സംസ്ഥാന പാതയിലെ അപകട സാധ്യത കൂടിയ മേഖലകൾ, കൂടാതെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി, ചെമ്മാട് മിനി സിവിൽ സ്റ്റേഷൻ, പരപ്പനങ്ങാടി ചെറമംഗലം, വള്ളിക്കുന്ന്, അത്താണിക്കൽ, തലപ്പാറ, എയർപോർട്ട് റോഡ്, കോട്ടക്കൽ, വിവിധ സ്കൂൾ- കോളജ് പരിസരങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
അപകടത്തിൽ പെടുന്നവർക്ക് എത്രയുംപെട്ടെന്ന് ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം. രക്ഷകർക്ക് ഏതെങ്കിലും തരത്തിലുള്ള സിവിൽ ക്രിമിനൽ ബാധ്യത ഉണ്ടായിരിക്കില്ലെന്നും എന്നും ആശുപത്രി അധികൃതരും പൊലീസും രക്ഷകരോട് ആദരവോടെയും പെരുമാറണമെന്നതടക്കം കാര്യങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. സാധാരണക്കാർക്കുള്ള ആശങ്കകൾക്കും സംശയങ്ങൾക്കും ലളിതമായ ഭാഷയിൽ കൃത്യമായ വിശദീകരണങ്ങൾ ഈ ബോർഡുകൾ നൽകുന്നു.
തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ മുൻകൈയെടുത്ത് സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ബോർഡ് സ്ഥാപിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കുന്നത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജോ. ആ.ടി.ഒ എം.പി. അബ്ദുൽ സുബെർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, എം.വി.ഐ.സി കെ. സുൽഫിക്കർ, എച്ച്.എം.സി മെംബർ എം.പി. ഇസ്മായിൽ, പ്രസ് ക്ലബ് പ്രസിഡന്റ് യു.എ. റസാഖ്, ഷൗക്കത്തലി മങ്ങാട്ട്, കെ.എം. അബ്ദുൽ ഗഫൂർ, യാസീൻ തിരൂർ, നവാസ് ചെറമംഗലം, കെ.കെ. റഹീം, സാദിഖ് ഒള്ളക്കൻ, ഷൈജു, മങ്ങാട്ട് ഇസ്മായിൽ, ജെ.സി.എ മെംബർ സി.കെ. ബഷീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.