മലപ്പുറം: എം.എസ്.എഫിന്റെ കീഴിൽ അഞ്ചുമുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളുടെ കൂട്ടായ്മായ ‘ബാലകേരള’ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ‘വര്‍ണോത്സവം’ മലപ്പുറത്ത് നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലകേരളം പ്രഥമ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും പതാകയുടെ ഒഫീഷ്യല്‍ ലോഞ്ചിങ്ങും തങ്ങള്‍ നിര്‍വഹിച്ചു. രാജ്യത്തെ സ്നേഹിച്ചും നിയമങ്ങളെ മുറുകെപിടിച്ചും ജീവിക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബന്ധമാണെന്ന് തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയവും സാമൂഹികവും ധാര്‍മികവുമായ വിഷയങ്ങളില്‍ കുട്ടികളില്‍ അവബോധമുണ്ടക്കാന് ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കും. കുരുന്ന് വിദ്യാര്‍ഥികളെ സര്‍ഗാത്മകപരമായും ക്രിയാത്മകപരമായും വളരാന്‍ അവസരം നല്‍കണം. അങ്ങനെയങ്കില്‍ മാത്രമേ സാമൂഹികബോധമുള്ള തലമുറ വളര്ന്നുവരുവെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെയും പ്രശ്നങ്ങളെയും അതിജീവിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ കരുത്തു പകരുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10ന് വര്ണജാഥയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ബാലതാരങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാരിപാടികളും അരങ്ങേറി. വൈകീട്ട് നാലിന് അയ്യായിരത്തില്‍ അധികം കുട്ടികള്‍ അണിനിരന്ന അസംബ്ലിയോട് കൂടി സമാപിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് തോട്ട് ഓഫ് ദി ഡേ അവതരിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടന സെഷനില്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.