തേഞ്ഞിപ്പലം: ദേശീയപാത വികസന പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്.സി.എല്‍ കമ്പനി താഴെ ചേളാരിയില്‍ അടിപാതയും മേലേ ചേളാരിയില്‍ മേല്‍പാതയും പണിയും മുമ്പ് എല്ലാ ഭാഗവും കൊട്ടിയടച്ചത് നാട്ടുകാർക്ക് ദുരിതമായി. വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആംബുലന്‍സുകള്‍ക്ക് പോലും തടസ്സമില്ലാതെ പോകാനാകാത്ത വിധം സര്‍വീസ് റോഡുകളില്‍ ഗതാഗതകുരുക്കുണ്ടാകുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് വ്യാപാരി വ്യവസായ ഏകോപന സമിതി ഇടപെടല്‍ തുടങ്ങി.
പോളിടെക്നിക്, മാതാപ്പുഴ റോഡ് ജങ്ഷനുകള്‍ തുറന്നാല്‍ കുറെയേറെ ആശ്വാസമാകുമെന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും പ്രസിഡന്റ് എ.വി. ഗഫൂര്‍, ജനറല്‍ സെക്രട്ടറി ഷിഹാബുദ്ദീന് ചക്കാല എന്നിവര്‍ വ്യക്തമാക്കി. ചേളാരിക്കും പടിക്കല്‍ അങ്ങാടിക്കുമിടയിൽ എസ്സാര്‍ പെട്രോള്‍ പമ്പിന് മുന്‍വശത്തും പിന്നെ പാണമ്പ്രയിലും മാത്രമാണ് താല്‍ക്കാലിക യൂടേണുകളുള്ളത്. ഇത് വ്യാപാരികള്‍ക്കും അങ്ങാടിയിലേക്ക് വരുന്ന പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുകയാണ്.
ദേശീയപാതക്ക് ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ പൊടിശല്ല്യമുണ്ടാകുന്നതും ബുദ്ധിമുട്ടായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. 30 രൂപയുടെ ഓട്ടം മാത്രമുണ്ടായിരുന്ന ഓട്ടോറിക്ഷകളില്‍ എഴുപതും നൂറുരൂപയുമൊക്കം ചാര്‍ജ്ജ് കൊടുക്കേണ്ട സ്ഥിതിയാണ്. പോളിടെക്നിക് കോളജ് റോഡിന് സമീപത്തും മേലെ ചേളാരി ഡി.എം.എസ് ആശുപത്രിക്ക് എതിര്‍വശത്തും താല്‍ക്കാലിക യൂടേണ്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചേളാരി യൂനിറ്റ് ഭാരവാഹികളുടെ തീരുമാനം. ഇക്കാര്യങ്ങള്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എയെ നേരില്‍കണ്ട് വ്യാപാരി വ്യവസായി യൂനിറ്റ് ഭാരവാഹികള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.