തേഞ്ഞിപ്പലം: ദേശീയപാത വികസനത്തെ തുടര്‍ന്ന് താഴെ ചേളാരിയിലും മേലേ ചേളാരിയിലും ഉണ്ടായ ഗതാഗത പ്രശ്നം യാത്രക്കാര്‍ക്ക് തീരാദുരിതമാവുന്നു. താഴെ ചേളാരിയില്‍ അടിപ്പാതയും മേലേ ചേളാരിയില്‍ മേല്‍പാതയും പണിതത് യാത്രാസൗകര്യം കണക്കിലെടുക്കാതെയാണ്. അതിനാല്‍ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
താഴെ ചേളാരിയില്‍നിന്ന് തയ്യിലക്കടവ് റോഡിലേക്ക് ബസും ലോറിയും അടക്കം വലിയ വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഡ്രൈവര്‍മാര്‍ പാടുപെടുകയാണ്. തയ്യിലക്കടവ്- പരപ്പനങ്ങാടി റൂട്ടിലേക്ക് പ്രവേശിക്കാന്‍ സൗകര്യമുള്ള വിധത്തില്‍ ദേശീയപാതയില്‍ ചേളാരിയില്‍ അടിപ്പാത പണിതിരുന്നെങ്കില്‍ യാത്രക്കാര്‍ അനുവഭിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാമായിരുന്നു.
തയ്യിലക്കവ് റോഡിലേക്ക് തിരിയുന്ന വളവുള്ള ഭാഗത്ത് റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ വളവില്‍ കുടുങ്ങുന്നതിനാല്‍ ജനത്തിരക്കുള്ള സമയങ്ങളിലെല്ലാം ഇവിടെ കുരുക്ക് പതിവാണ്.
മേലേ ചേളാരിയിലെ മേല്‍പാത മാതാപ്പുഴ റോഡിന് നേരെയായിരുന്നെങ്കിലും സമാന പ്രശ്നങ്ങളും ഗതാഗതക്കുരുക്കും ഇല്ലാത്ത വിധത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാമായിരുന്നു. മേല്‍പാത മാതാപ്പുഴയില്നിന്ന് വന്നുചേരുന്ന റോഡില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. പലപ്പോഴും ആംബുലന്‍സുകള്‍ പോലും റോഡില്‍ കുടുങ്ങുന്ന സ്ഥിതിയാണ്.
തേഞ്ഞിപ്പലം: താഴെ ചേളാരിയിലെയും മേലേ ചേളാരിയിലെയും ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരത്തിലേക്ക്. മുസ്ലിം ലീഗ് തേഞ്ഞിപ്പലം, മൂന്നിയര് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സമരം ശനിയാഴ്ച താഴെ ചേളാരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. മേലേ ചേളാരിയില്‍നിന്ന് പ്രതിഷേധ പ്രകടനവും ഉണ്ടാകുമെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
താഴെ ചേളാരിയില്‍ അടിപ്പാതക്ക് അഭിമുഖമായി സര്‍വിസ് റോഡിനും തയ്യിലക്കട്-പരപ്പനങ്ങാടി റോഡിനും ഇടയിൽ ത്രികോണ ആകൃതിയിലുള്ള സ്ഥലം അടിയന്തരമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുക, മേലേ ചേളാരിയില്‍ മാതാപ്പുഴ റോഡില്‍നിന്ന് മേല്‍പാത വഴി തെക്കോട്ട് പേകേണ്ട വാഹനങ്ങള്‍ക്ക് സൗകര്യപ്രദമാകും വിധം മാതാപ്പുഴ റോഡിന് അഭിമുഖമായി മേല്‍പാത പുനഃക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്തസമ്മേളനത്തില്‍ എം.എ. ഖാദര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, വി.പി. സൈതലവി, സി.കെ. മുഹമ്മദ് ഷരീഫ്, പി.കെ. നവാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.