മലപ്പുറം: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഡിസംബര്‍ 28ന് ആരംഭിക്കുന്ന ദേശീയ സ്കൂള്‍ ഗെയിംസ് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെ ഹോക്കി മത്സരത്തില്‍ കേരളത്തെ നയിക്കുക കോഡൂര്‍ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഡിസംബര്‍ 19 മുതല്‍ 25 വരെ കൊല്ലത്ത് നടക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയാണ് കേരള ടീം ഗ്വാളിയോറിലേക്ക് പുറപ്പെടുക. ജനുവരി ഒന്നുവരെയാണ് ദേശീയ സ്കൂള്‍ ഹോക്കി മത്സരം.
സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇവര്‍ സംസ്ഥാന ടീമില്‍ ഇടം നേടിയത്. ജൂനിയര്‍ ടീമിൽ ക്യാപ്റ്റന്‍ അതുല്‍ ഷാ, അഭി ഫെര്‍ണാണ്ടസ്, ഷിബിന്‍ സാദ് എന്നിവരും സബ് ജൂനിയര്‍ ടീമിൽ ക്യാപ്റ്റർ ആദര്‍ശ്, അമല്‍ രാജ്, അഭയ് കൃഷ്ണ എന്നിവരുമാണ് കേരള ടീമിന്റെ ജഴ്സിയണിയുന്നത്. ഇതാദ്യമായാണ് ദേശീയ സബ് ജൂനിയര്‍ ഹോക്കി മത്സരത്തില്‍ കേരളം പങ്കെടുക്കുന്നത്.
പങ്കെടുത്ത മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ചെമ്മങ്കടവിന്റെ താരങ്ങള്‍, തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പുകളില്‍ ജില്ലയെ പ്രതിനിധീകരിച്ചിരുന്നു. ഈ വര്‍ഷം ഒഡിഷയില്‍ നടന്ന ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും അതുല്ഷായും അഭി ഫര്‍ണാണ്ടസും പങ്കെടുത്തു. മികച്ച ഗോള്‍ കീപ്പറായ അഭയ് കൃഷ്ണ, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇക്കുറി കേരളത്തിന്റെ ഗോള്‍വല കാക്കും.
കളിക്കളത്തില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ഈ താരങ്ങളെല്ലാം കേരള ഹോക്കി ടൂര്‍ണമെന്റ്, സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്, സംസ്ഥാന നെഹ്റു ഹോക്കി, ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയികളായിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ ഗെയിംസ് ഹോക്കിയിലും നെഹ്റു ഹോക്കിയിലും ജില്ലക്കായി ഇക്കുറി വെള്ളിമെഡല്‍ നേടിയിരുന്നു.
ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്പോട്സ് ക്ലബ്ബായ ‘ദ ഫ്ലിക്ക്’ നല്കുന്ന ചിട്ടയായ പരിശീലനത്തിലൂടെ നിരവധി ദേശീയ താരങ്ങളാണ് മുമ്പും ഈ വിദ്യാലയത്തില്‍നിന്ന് പിറവിയെടുത്തത്.
ഇന്ത്യന്‍ ഇൻഡോര്‍ ഹോക്കി കോച്ചും ഹോക്കി ഇന്ത്യ ലെവല്‍ വണ്‍ പരിശീലകനുമായ സ്കൂളിലെ കായികാധ്യാപകനുമായ ഡോ. യു. മുഹമ്മദ് ഷറഫുദ്ദീന് റസ്വിയാണ് പരിശീലകന്. സംസ്ഥാന ടീമിലിടം നേടിയ താരങ്ങളെ പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍, പ്രിന്‍സിപ്പള്‍ എന്‍.കെ. മുജീബ് റഹ്മാന്, പ്രഥമാധ്യാപകന് പി. മുഹമ്മദ് അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.