കൊണ്ടേമ്പാട്ട് ക്ഷേത്രമുറ്റത്തെ മല്ലികപ്പൂ പറിക്കുന്നു

തിരുവോണ പൂക്കളം നിറയാൻ നിറമരുതൂരി​െൻറ ചെണ്ടുമല്ലി

താനൂർ: കോവിഡ്​ പ്രതിസന്ധിയിലും തളരാതെ നിറമരുതൂരിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ തിരുവോണ ദിവസത്തെ പൂക്കളത്തിൽ നിറയും. ഉത്രാടപ്പാച്ചിലിൽ നിറമരുതൂരിലെ പൂക്കൾ വാങ്ങിക്കാനായെത്തിയത് നിരവധി പേർ. കഴിഞ്ഞ 15 ദിവസങ്ങളിലായി നടന്ന വിളവെടുപ്പിൽ കൊണ്ടേമ്പാട്ട് ക്ഷേത്രവളപ്പിലെ കൃഷിയിടത്തിൽനിന്ന് മാത്രമായി ഒന്നര ക്വിൻറലിലേറെ പൂക്കളാണ് നുള്ളിയത്.

തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിറമരുതൂരിലെ പൂക്കൾ കയറ്റിയയച്ചത്. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലായാണ് മൂന്നേക്കറോളം വിസ്തൃതിയിൽ ചെണ്ടുമല്ലി കൃഷി ഒരുക്കിയിട്ടുള്ളത്. ഉണ്യാൽ, ചക്കരമൂല കൊണ്ടേമ്പാട്ട് ക്ഷേത്രപരിസരം, കാളാട്, പത്തമ്പാട്, മങ്ങാട്, വള്ളിക്കാഞ്ഞീരം എന്നിവിടങ്ങളിലാണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്.

വിവിധ സ്​ഥലങ്ങളിൽനിന്ന്​ എത്തുന്നവർ കൃഷിപ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നത് ആവേശം നിറയ്ക്കുന്നതായി പൂകർഷകൻ എ.പി. സുനിൽ പറഞ്ഞു. നിറമരുതൂർ പഞ്ചായത്ത് കൃഷിഭവ​െൻറ 2021 -22 വർഷത്തെ പദ്ധതിയുടെ ഭാഗമായുള്ള പൂ കൃഷി പ്രോത്സാഹനത്തിൽ ഉൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷി ഒരുക്കിയത്. കഴിഞ്ഞ വർഷം ഉണ്യാൽ തീരദേശത്ത് മാത്രമായിരുന്നു കൃഷിയുണ്ടായിരുന്നത്.

വിജയിച്ചതോടെ പഞ്ചായത്തിലെ മറ്റു കേന്ദ്രങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കുകയായിരുന്നു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട മഞ്ഞ, ഓറഞ്ച് പൂക്കളാണ് നിറമരുതൂരിൽ വിരിഞ്ഞത്. ജൂണിലാണ് പൂകൃഷിക്ക് വിത്തിട്ടത്. നിലമൊരുക്കലും നടീലും പൂർണമായും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പൂർത്തീകരിച്ചത്.

പഞ്ചായത്തിലെ വിവിധ വനിത ഗ്രൂപ്പുകളെയും യുവാക്കളെയും ഉൾപ്പെടുത്തി തരിശ് നിലങ്ങളും തെങ്ങിൻ തോട്ടങ്ങളിലെ ഇടയകലങ്ങളും പരമാവധി ഉപയോഗപ്പെടുത്തി വിവിധയിനം കൃഷിരീതികൾ ശാസ്ത്രീയമായി പരിചയപ്പെടുത്തുകയും അതുവഴി കർഷകന് മികച്ച വരുമാനം ഉറപ്പു വരുത്തുകയുമാണ്​ പദ്ധതി ലക്ഷ്യമിടുന്നത്.

Tags:    
News Summary - niramarathoor's flowers to celebrate onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.