കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതിയില്‍ നടപടിയില്ല; പൊലീസ് ഇൻസ്പെക്ടറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

മലപ്പുറം: വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് കാഴ്ചപരിമിതിയുള്ള ചാത്തങ്ങോട്ടുപുറം സ്വദേശിനി നല്‍കിയ പരാതിയില്‍ ജില്ല പൊലീസ് മേധാവി മുഖേന ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറോട് (ഇൻസ്പെക്ടർ) ഹാജറാവാന്‍ വനിത കമീഷന്‍ നിര്‍ദേശം. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമീഷന്‍ അദാലത്തിലാണ് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജറാവാന്‍ എസ്.എച്ച്.ഒക്ക് നിര്‍ദേശം നല്‍കിയത്.

പരാതിക്കാരി വീട്ടിൽ ഒറ്റക്കുള്ള സമയം ഒരു വ്യക്തി ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്.

എന്നാൽ, പരാതി സംബന്ധിച്ച് വണ്ടൂര്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു കാണിച്ചാണ് കമീഷന് പരാതിക്കാരി പരാതി നൽകിയത്. വനിത കമീഷന്‍ അംഗം ഇ.എം. രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 16 പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികള്‍ പൊലീസിന് കൈമാറി.

രണ്ട് പരാതികള്‍ കൗണ്‍സലിങ്ങിന് വിട്ടു. ബാക്കി 25 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിത കമീഷന്‍ അംഗം അഡ്വ. ബീന കരുവാത്ത്, അഡ്വ. ഫിറോസ് ബാബു, വനിത സെല്‍ എസ്.ഐ ചന്ദ്രിക മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത അദാലത്ത് ആഗസ്റ്റ് 25ന് നടക്കും.

Tags:    
News Summary - No action on complaint of visually impaired woman; Directly to the Police Inspector Order to appear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.