മലപ്പുറം: ജില്ലയിൽ മാവേലി, സപ്ലൈകോ സ്റ്റോറുകളിൽ സബ് സിഡി സാധനങ്ങളില്ലാത്തത് ജനങ്ങളെ വലക്കുന്നു. ജൂലൈ മാസം അവസാനത്തോടെയാണ് സബ് സിഡി സാധനങ്ങൾ ഏകദേശം പൂർണമായി സപ്ലൈകോ-മാവേലി ഔട്ട് ലെറ്റുകളിൽ കാലിയായത്. കാർഡുമായി സബ് സിഡി സാധനങ്ങൾ തേടിയെത്തുവരോട് കൈമലർത്തുകയാണ് ഔട്ട് ലെറ്റുകളിലെ ജീവനക്കാർ.
എന്നാൽ ചിലയിടങ്ങളിൽ വെളിച്ചെണ്ണയും പഞ്ചസാരയും ലഭിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരന് അൽപം ആശ്വാസമായിരുന്നു സപ്ലൈകോ- മാവേലി ഔട്ട് ലെറ്റുകൾ. സാധനങ്ങളില്ലാതെ വന്നതോടെ ഉയർന്ന തുകക്ക് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങൾ.
പൊതുവിപണിയിൽ പഞ്ചസാരക്ക് കിലേക്ക് 43 മുതൽ 45 രൂപ വരെയാണ് വില. കുറുവ അരിക്ക് 42 മുതൽ 46 വരെ, പച്ചരിക്ക് 38 മുതൽ 42 വരെ ഇങ്ങനെ പോകുന്നുനിരക്ക്. എന്നാൽ ഔട്ട് ലെറ്റുകളിൽ പഞ്ചസാര കിലോക്ക് 28.35, കുറുവ 30, പച്ചരി 26 എന്നിങ്ങനെയാണ് നിരക്ക്.
സാമ്പത്തിക പ്രതിസന്ധി കാരണം സാധനങ്ങൾ വാങ്ങാൻ ടെൻഡർ വൈകുന്നതാണ് പ്രശ്നത്തിന് വഴിവെച്ചത്. ടെൻഡർ നടപടികൾ ഈ വരുന്ന ആഴ്ച ആരംഭിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. 100 കോടിയുടെ ടെൻഡറാണ് സപ്ലൈകോ തയാറാക്കി വരുന്നത്. നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് 14നകം ടെൻഡർ ക്ഷണിച്ചേക്കും. 150 കോടി രൂപയാണ് സംസ്ഥാനത്തേക്ക് സപ്ലൈകോക്ക് സാധനം വാങ്ങാൻ വേണ്ടത്.
ഇതിൽ 50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ട്രഷറിയിൽ നിന്ന് സപ്ലൈകോക്ക് അനുവദിച്ച് കിട്ടും. ഈ തുകയും ടെൻഡറിനായി അധികൃതർ വിനിയോഗിക്കും. അടുത്ത മാസത്തിലാണ് ഓണമെത്തുന്നത്. ഓണം സീസണിലാണ് ഏറ്റവും കൂടുതൽ ആളുകൾ സാധനങ്ങൾക്കായി ഔട്ട് ലെറ്റുകളെ ആശ്രയിക്കുന്നത്. സാധനങ്ങളിലാതെ മുന്നോട്ട് പോകുകയാണെങ്കിൽ ഓണത്തിന് വലിയ പ്രതിഷേധമുയർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.