പൊന്നാനി: ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിൽ ലൈസൻസില്ലാത്തവക്ക് നോട്ടീസ് നൽകാൻ പോർട്ട് സർവെയറുടെ തീരുമാനം. ഇന്ന് ബോട്ടുടമകൾക്ക് നോട്ടീസ് നൽകും. ഉല്ലാസ ബോട്ടുകളിൽ കണ്ണൂർ പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ ശനിയാഴ്ച മിന്നൽ പരിശോധന നടത്തിയിരുന്നു.
മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയാണ് ഇവ സർവീസുകൾ നടത്തുന്നതെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് സർവെയറുടെ ചുമതലയുള്ള ക്യാപ്റ്റൻ പ്രതീഷ് നായർ, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 18 ബോട്ടുകളാണ് ഭാരതപുഴയിൽ സർവീസ് നടത്തുന്നത്. വേണ്ടത്ര ജീവനക്കാരില്ലാതെയാണ് മുഴുവൻ ബോട്ടും സർവീസ് നടത്തുന്നതെന്നും ഡ്രൈവർമാർക്ക് ലൈസൻസില്ലെന്നും കണ്ടെത്തി. ആദ്യഘട്ടമെന്ന നിലയിൽ മുഴുവൻ ബോട്ടുകളിലെയും ജീവനക്കാർക്ക് ബോധവൽക്കരണം നൽകി.
വീഴ്ച വരുത്തിയ ബോട്ടുടമകൾക്ക് നോട്ടീസ് നൽകി വിശദീകരണം ചോദിക്കും. തൃപ്തികരമല്ലെങ്കിൽ നിയമാനുസൃത നടപടി സ്വീകരിക്കും. ജനങ്ങളുടെ ജീവൻ വെച്ച് കളിക്കാൻ അനുവദിക്കില്ലെന്നും സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അറിയിച്ച ഉദ്യോഗസ്ഥർ ആവശ്യമായ ജീവനക്കാരെ നിയമിക്കാനും നിർദ്ദേശം നൽകി. ഇനി വീഴ്ചയുണ്ടായാൽ പെർമിറ്റ് റദ്ദാക്കുമെന്നും പോർട്ട് ഓഫിസർ പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ഒരു കാരണവശാലും യാത്ര പാടില്ല. ബോട്ടിന്റെയും ഉടമയുടെയും പേരും കയറാവുന്ന ആളുകളുടെ എണ്ണവും ബോട്ടിലെ ലൈഫ് ജാക്കറ്റും ലൈഫ് ബോയും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഉൾപ്പെടുന്ന മുന്നറിയിപ്പ് ബോർഡ് കയറുന്ന ഭാഗത്ത് വെക്കണം. അനുവദനീയമായതിനേക്കാൾ കൂടുതൽ പേരെ ഒരു കാരണവശാലും കയറ്റരുത്. അതേസമയം, ചമ്രവട്ടത്തുണ്ടായ തോണി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഉല്ലാസ ബോട്ടുകൾ സർവീസ് നടത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.