മലപ്പുറം: നഗരസഭ 2021-22 വാർഷിക പദ്ധതികളിൽ നൂതന ഇനമായി വയോജനങ്ങൾക്ക് പോഷകാഹാരം. 60 വയസ്സിന് മുകളിലുള്ളവർക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. 40 വാർഡുകളിൽ നിന്നായി 5600ഓളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 30 ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
നഗരസഭ വാർഷിക പദ്ധതികൾ ജില്ല ആസൂത്രണ സമിതി അംഗീകരിച്ചു. 258 പുതിയതും കഴിഞ്ഞ വർഷങ്ങളിലെ ഇനിയും പൂർത്തീകരിക്കാനുള്ള 150 പദ്ധതികളും അടക്കം 408 എണ്ണത്തിനാണ് അംഗീകാരം. പദ്ധതി വിഹിതമായി 7,21,04,214 രൂപയും പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക ഫണ്ടിനത്തിൽ ലഭിച്ച 1,49,46,800 രൂപയും അടക്കം വിവിധ മേഖലകളിലായി 36,37,34,856 രൂപയുടെ പദ്ധതികളാണ് ജില്ല ആസൂത്രണ സമിതി അംഗീകരിച്ചത്.
പട്ടികജാതി ടൗൺഷിപ്, വിദ്യാർഥികൾക്ക് പഠനമുറി, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്, വയോജനങ്ങൾക്ക് കട്ടിൽ, കാർഷിക മേഖലക്കുള്ള ആനുകൂല്യങ്ങൾ, കിഡ്നി രോഗികൾക്കുള്ള ധനസഹായം തുടങ്ങിയവ ഇതിലുണ്ട്. വ്യക്തിഗത ആനുകൂല്യ അപേക്ഷകൾ അംഗീകരിക്കുന്നതിനായി തൊട്ടടുത്ത ദിവസം കൗൺസിൽ യോഗം ചേരാനും ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.