മലപ്പുറം: ഓൺലൈൻ ബാങ്ക് തട്ടിപ്പിനെ തുടർന്ന് ദമ്പതികൾക്ക് 93,000 രൂപ നഷ്ടമായതായി പരാതി. മൊറയൂർ അരിമ്പ്ര എൻ.എച്ച് കോളനിയിൽ താമസിക്കുന്ന പി. വാസുദേവൻ, ഭാര്യ പി.പി. ജോസി എന്നിവർക്കാണ് വ്യാഴാഴ്ച പണം നഷ്ടമായത്. തട്ടിപ്പിനെക്കുറിച്ച് പരാതിയിൽ പറയുന്നത്: '
'ബുധനാഴ്ച ബാങ്കിലെത്തി അക്കൗണ്ടിൽനിന്ന് 25,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. വീടുപണിക്കായി കല്ല് ഇറക്കിയതിന് 25,000 രൂപ അത്യാവശ്യമാണെന്ന് അറിയിച്ചതോടെ പണം അയക്കാനുള്ള മാർഗം അറിയാനായി ഇവർ ബാങ്കിെൻറ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. എന്നാൽ, അവിടെ നിന്ന് പ്രതികരണമുണ്ടായില്ല. കുറച്ചുസമയത്തിനു ശേഷം മറ്റൊരു നമ്പറിൽനിന്ന് ഇവരുടെ മൊബൈൽ ഫോണിലേക്ക് വിളി വന്നു.
പണം പിൻവലിക്കാൻ 'എനി ഡെസ്ക്' എന്ന ആപ് ഇൻസ്റ്റാൾ ചെയ്യാനായിരുന്നു നിർദേശം. ഇത് ഇൻസ്റ്റാൾ ചെയ്തതോടെയാണ് ഘട്ടംഘട്ടമായി ഭാര്യയുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്.'' വീട് നിർമാണത്തിന് സൂക്ഷിച്ച പണമാണ് നഷ്ടമായതെന്നും താൻ ബാങ്കിൽ പോയി നേരിട്ട് ഇടപാട് നടത്തുകയാണ് പതിവെന്നും വാസുദേവൻ പറയുന്നു.
എന്നാൽ, കല്ല് ഇറക്കിയതിന് പണം അത്യാവശ്യമാണെന്ന് അറിയിച്ചതിനാലും വ്യാഴാഴ്ച ബാങ്ക് അവധിയായതിനാലും പണം അയക്കുന്നത് സംബന്ധിച്ച് അറിയാനാണ് കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടത്. ഇടപാട് വിവരങ്ങൾ നോക്കിയപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങിയതായാണ് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.