തിരൂർ: തിരൂർ-ചമ്രവട്ടം പാതയിൽ അപകടക്കെണിയൊരുക്കി ഓവുചാൽ കൈവരി. ചമ്രവട്ടം അങ്ങാടിയുടെയും പാലത്തിന്റെയും ഇടയിലുള്ള ഓവുചാലിന്റെ കോൺക്രീറ്റ് കൈവരി തെന്നിനീങ്ങിയതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.
മാസങ്ങൾക്ക് മുമ്പാണ് മൂന്നുമീറ്ററോളം നീളമുള്ള കൈവരിയുടെ നിർമാണം പൂർത്തിയാക്കിയത്. നിലവിൽ ഇതിന്റെ ഒരുഭാഗം റോഡിലേക്ക് ഇറങ്ങിയ അവസ്ഥയിലാണ്. ലോറിയോ മറ്റോ തട്ടിയാണ് ഇത് ഇളകിമാറിയതെന്നാണ് സൂചന.
റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന കൈവരിയിൽ തട്ടി ചെറുവാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്. രാത്രികാലത്ത് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാൽനടക്കാർക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് ചമ്രവട്ടം അങ്ങാടിയിൽ അപകടത്തിൽപെട്ട കാർ നീക്കാത്തത് വലിയ പരാതിക്കിടയാക്കിയിരുന്നു.
മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് ദിവസങ്ങൾക്കുശേഷം കാർ നീക്കിയത്. കഴിഞ്ഞ വർഷം നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടങ്ങൾ നടന്ന ചമ്രവട്ടം പാത ഇപ്പോൾ നാട്ടുകാർക്ക് ആശങ്ക ഉയർത്തുന്ന റോഡായി മാറിയിരിക്കുകയാണ്.
ലോറികളും അന്തർ സംസ്ഥാന വാഹനങ്ങളും ആയിരക്കണക്കിന് കടന്നുപോകുന്ന ചമ്രവട്ടം പാതയിൽ മുന്നറിയിപ്പ് ബോർഡുകളോ ആവശ്യമായ പരിശോധനകളോ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.