മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികനെ ഷെഡ്യൂൾ റദ്ദാക്കിയത് അറിയിച്ചില്ല, 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ കമീഷൻ.
വെളിമുക്ക് പാലക്കൽ സ്വദേശി അഭിനവ് ദാസ് നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമീഷന്റെ വിധി. കഴിഞ്ഞ ഫെബ്രുവരി 25ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് രാവിലെ പത്തിന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് ലോ ഫ്ലോർ ബസിൽ 358 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്തത്. 9.30ന് ബസ് സ്റ്റോപ്പിൽ എത്തിയ പരാതിക്കാരൻ ഉച്ചക്ക് ഒരുമണി വരെ കാത്തിരുന്നു. ലഭ്യമായ നമ്പറിലെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.
കാഴ്ചപരിമിതിയുള്ള യാത്രക്കാരൻ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാൻ ഇടവന്നതിനെ തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
ആറ്റുകാൽ പൊങ്കാല കാരണം വലിയ തിരക്കായി മാറിയതിനാൽ ചില ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നുവെന്നും ബുക്ക് ചെയ്തവരെ വിവരം അറിയിക്കാൻ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും ടിക്കറ്റ് തിരിച്ചുനൽകാൻ നടപടിയെടുത്തിട്ടുണ്ടെന്നും ബോധപൂർവം വീഴ്ചവരുത്തിയില്ലെന്നും കെ.എസ്.ആർ.ടി.സി കമീഷൻ മുമ്പാകെ ബോധിപ്പിച്ചു.
എന്നാൽ, ഷെഡ്യൂൾ റദ്ദുചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ കമീഷൻ മുമ്പാകെ പരാതി നൽകുംവരെ ടിക്കറ്റ് വില തിരിച്ചുനൽകുകയോ കെ.എസ്.ആർ.ടി.സി ചെയ്തില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. പരാതിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 5000 രൂപയും നൽകാൻ കമീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്ത പക്ഷം നഷ്ടപരിഹാരത്തുകക്ക് 12 ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷന്റെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.