മലപ്പുറം: തൊഴില്‍ ചെയ്ത് ജീവിക്കാന്‍ മുച്ചക്രവാഹനത്തിനായി ഊന്നുവടിയേന്തി അലഞ്ഞ പി.ടി. നൗഷാദിന് ഇനി മുച്ചക്രവാഹനം സ്വന്തം. നൗഷാദിന്റെ പ്രയാസം മനസിലാക്കി പീപ്പിള്‍സ് ഫൗണ്ടേഷൗന് പാരാപ്ലീജിയ പുനരധിവാസ പദ്ധതി ‘ഉയരെ’യില്‍ ഉള്‍പ്പെടുത്തി സ്വയം തൊഴിലിനുള്ള സാഹചര്യം ഒരുക്കി നല്‍കും. ഒരു മുച്ചക്ര വാഹനത്തിനായി ഭിന്നശേഷിക്കാരനായ നൗഷാദ് മുട്ടാത്ത വാതിലുകളില്ല.
ഊന്നുവടിയേന്തി ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഈ യുവാവിന് മുമ്പില്‍ സാങ്കേതികത്വംപറഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വാതിലടക്കുകയാണുണ്ടായത്.
പുളിക്കല്‍ വലിയപറമ്പ് ചെറുമുറ്റം വളച്ചെട്ടിയില്‍ പി.ടി. നൗഷാദ് എന്ന 39 കാരന്റെ അവസ്ഥ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ട പീപ്പിള്‍സ് ഫൗണ്ടേഷന് ഭാരവാഹികള്‍ നൗഷാദിനെ സന്ദര്‍ശിക്കുകയും തൊഴില്‍ ചെയ്ത് ജീവിക്കുന്നതിന് മുച്ചക്ര വാഹനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്റെ പാരാപ്ലീജിയ പുനരധിവാസ പദ്ധതിയായ ‘ഉയരെ’ പദ്ധതിയില്‍ നട്ടെല്ലിന് സംഭവിച്ച ക്ഷതം മൂലവും മറ്റു കാരണങ്ങളാലും ചലന പരിമിതി നേരിടുന്ന 400 കുടുംബങ്ങളുടെ പുനരധിവാസവും ശാക്തീകരണവുമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപ്പെട്ട കോട്ടക്കൽ അൽ ഹിന്ദ് മാനേജിങ് എഡിറ്റർ ഷബീറലിയും നൗഷാദിന് ആവശ്യമായ പിന്തുണ നൽകാമെന്നറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.