പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ നടന്നു വരുന്ന ഡയാലിസിസ് മൂന്നു ഷിഫ്റ്റാക്കാൻ തീരുമാനം. എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ജില്ല പഞ്ചായത്തിന്റെ 30 ലക്ഷം രൂപയുടെ പദ്ധതി. പ്ലാന്റ് സ്ഥാപിക്കാനുള്ള വിശദപദ്ധതിരേഖ ഐ.ആർ.സി.ടി എന്ന ഏജൻസിയെ ജില്ല പഞ്ചായത്ത് ഏൽപിച്ചു.
2024-‘25 സാമ്പത്തിക വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തിയാണ് ഇത് സ്ഥാപിക്കുക. അഞ്ചു മാസമെങ്കിലും വേണം പ്ലാന്റ് സ്ഥാപിക്കാൻ. അടുത്ത ഡി.പി.സിയിൽ അംഗീകാരം നൽകുന്ന പദ്ധതികളിൽ ഇതുകൂടി ഉൾപ്പെടുത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു.
2021 ജൂലൈ 14നാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒമ്പത് മെഷീനുകളുമായി ഡയാലിസിസ് ആരംഭിച്ചത്. ഒരേസമയം എട്ട് മെഷീനുകൾ ഉപയോഗിച്ച് രണ്ടു ഷിഫ്റ്റിൽ പ്രതിദിനം 16 ഡയാലിസിസ് നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ഇത് നാലു ഷിഫ്റ്റ് വരെ നടത്തുന്നുണ്ട്. ജില്ല ആശുപത്രിയിൽ മൂന്നു ഷിഫ്റ്റാക്കാൻ നേരത്തെ ആലോചന നടത്തിയിരുന്നു.
പ്ലാന്റ് തയാറായാൽ സാങ്കേതിക തടസം തീരും. അതേസമയം അധിക ജീവനക്കാരെ നിയമിക്കേണ്ടി വരും. മൂന്നാം ഷിഫ്റ്റിലേക്ക് പുതുതായി രോഗികളുടെ ഗുണഭോക്തൃ പട്ടിക തയാറായിട്ടുണ്ട്. ഡയാലിസിസ് യൂനിറ്റ് തുടങ്ങിയ ശേഷം ജൂലൈ 31 വരെ 12,187 ഡയാലിസിസ് നടത്തി. നിർധന രോഗികൾ ഇപ്പോഴും സേവനത്തിന് കാത്തിരിക്കുന്നുണ്ട്. ജില്ല ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻമാരുടെ തസ്തിക സൃഷ്ടിക്കാത്തതിനാൽ താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചാണ് യൂനിറ്റ് പ്രവർത്തിപ്പിക്കുന്നത്.
അർബുദ ചികിത്സ യൂനിറ്റിൽ 2023ൽ 1161 കീമോതെറാപി ചെയ്തു. ഈ വർഷം ജൂൺ അവസാനം വരെ 557 കീമോ ചെയ്തു. ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളും വികസനവും ബുധനാഴ്ച ചേർന്ന എച്ച്.എം.സി യോഗം ചർച്ച ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ, വി. ബാബുരാജ്, കുറ്റീരി മാനുപ്പ, ഡോ. അബൂബക്കർ തയ്യിൽ, ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ, നഴ്സിങ് ഓഫിസർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.