പെരിന്തൽമണ്ണ: ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, അടിസ്ഥാന വികസന പദ്ധതികൾക്കായി ആവിഷ്കരിച്ച പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രമം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഉൾപെട്ട തദ്ദേശ സ്ഥാപനങ്ങൾ ഇവ കാര്യക്ഷമമായി തയാറാക്കി നൽകണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ജനപ്രതിനിധികളും അടക്കമുള്ളവർക്ക് സംസ്ഥാനതലത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. സമയബന്ധിതമായി പദ്ധതികൾ സമർപ്പിക്കാനും പരമാവധി ഉപയോഗപ്പെടുത്താനും പരിശീലനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒാർമിപ്പിച്ചു.
80 ശതമാനം വിദ്യാഭ്യാസ, ആരോഗ്യ നൈപുണ്യ മേഖലക്കും 20 ശതമാനം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇന്നവേറ്റിവ് പദ്ധതികൾക്കുമായി ചെലവിടണം. ഇതിൽതന്നെ മൂന്നിലൊന്നിന് മുകളിൽ തുക സ്ത്രീകളുടെ പുരോഗതി ലക്ഷ്യമിട്ടാവണം. മുൻവർഷം 300 കോടി രൂപയുടെ പദ്ധതികളാണ് തയാറാക്കി നൽകിയത്. ചെറിയ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇവയിൽ പലതും തള്ളി. വാർഷിക പദ്ധതി തയാറാക്കുന്ന മാതൃകയിൽ ആദ്യം ബ്ലോക്കിലും പിന്നീട് ജില്ല ആസൂത്രണ സമിതിക്കും നൽകണം. 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ചെലവിടേണ്ടത്. ജില്ലതലത്തിൽ ഡി.പി.സികൾ അംഗീകരിച്ച ശേഷം പദ്ധതികൾ സംസ്ഥാന കമ്മിറ്റിക്കും അവിടെനിന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സ്ക്രീനിങ് കമ്മിറ്റിക്കും നൽകണം. പ്രഫഷനൽ വിദ്യാർഥികൾക്ക് മത്സര പരീക്ഷകൾക്കുവേണ്ടിയും മറ്റുമുള്ള പരിശീലനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവക്ക് കെട്ടിടങ്ങൾ എന്നിവക്കടക്കം വിഹിതം ചെലവിടാം.
23 ബ്ലോക്കും 43 ടൗണുകളും ചെലവിട്ടത് നാമമാത്ര വിഹിതം
തുടക്കത്തിൽ വയനാട് ജില്ല മാത്രം ഉൾപെട്ട പുതിയ പി.എം.ജെ.വി.കെ പദ്ധതിയിൽ 2019 മാർച്ച് മുതൽ തൃശൂർ, പത്തനംതിട്ട ജില്ലകൾ ഒഴികെ കേരളത്തിലെ 12 ജില്ലകളുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിട്ടത് നാമമാത്രമായ വിഹിതം.
വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ല ആസ്ഥാനങ്ങൾ ഉൾപ്പെടും.മലപ്പുറം ജില്ലയിലെ നഗരസഭകളോ ടൗൺഷിപ് പ്രദേശങ്ങളോ ആയ 25 സ്ഥലങ്ങളുണ്ട്. സംസ്ഥാനത്തെ 23 ബ്ലോക്കുകൾ, 43 ടൗണുകൾ എന്നിവയാണ്. 25 ശതമാനമോ അതിൽകൂടുതലോ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന പ്രദേശങ്ങളാണ് പട്ടികയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.