കനിവ് ആംബുലൻസ് കുതിച്ചെത്തി; അസം യുവതിക്ക് പാതിരാത്രി വീട്ടിൽ സുഖപ്രസവം

പെരിന്തൽമണ്ണ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ അസം സ്വദേശിനിക്ക് വീട്ടിൽ സുഖപ്രസവം. പെരിന്തൽമണ്ണ ഒലിങ്കരയിൽ താമസിക്കുന്ന മഹിമയാണ് (23) ഉത്രാടനാളിൽ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ച 1.30ഓടെയാണ് സംഭവം. മഹിമക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽനിന്ന് ഉടൻ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് സന്ദേശം കൈമാറി. ആംബുലൻസ് പൈലറ്റ് കെ. വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്‌നീഷൻ പി. സജീർ എന്നിവർ ഉടൻ സ്ഥലത്തെത്തി.

രണ്ടാം നിലയിലായിരുന്ന മഹിമയെ പരിശോധിച്ച സജീർ, പ്രസവമെടുക്കാതെ മഹിമയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ലെന്ന് മനസ്സിലാക്കി വീട്ടിൽതന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ച 1.45ന് മഹിമ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി അമ്മക്കും കുഞ്ഞിനും സജീർ പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും പൈലറ്റ് വിഷ്ണു പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - Kanivu Ambulance rushed; Assam woman gave birth at midnight at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.