പെരിന്തൽമണ്ണ: വോട്ടുബലം കൊണ്ട് ഇടതു വലതുപക്ഷങ്ങൾ ബലാബലം നിൽക്കുന്ന പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് കുന്നോളമാണ് വിവിധ സംഘടനകളും വ്യക്തികളും ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളും.
250 കോടി വരെ മതിപ്പ് ചെലവു കണക്കാക്കുന്ന ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് മുതൽ താഴേക്കോട് ആദിവാസി കോളനികളിൽ ആധാർ കാർഡില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷനും വിധവ പെൻഷനും തഴയപ്പെട്ട ആദിവാസി വനിതകളുടെ സങ്കടങ്ങൾ വരെയുണ്ട് ഈ പട്ടികയിൽ.
നാലു നിലകളിൽ കോടികൾ മുടക്കി പെരിന്തൽമണ്ണയിൽ നിർമിച്ച മിനി സിവിൽ സ്റ്റേഷനുണ്ടായിട്ടും ഇപ്പോഴും ഏതാനും സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിലാണ്. പെരിന്തൽമണ്ണ സബ് ട്രഷറിക്ക് നേരത്തെ പത്തുസെന്റ് ഭൂമി കണ്ടെത്തി കെട്ടിടത്തിന് പ്ലാൻ തയാറാക്കി നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് ബസ് സ്റ്റാൻഡിലേക്ക് റോഡ് നിർമിച്ച് ഈ ഭൂമിയുടെ നല്ലൊരു ഭാഗം കവർന്നത്.
ഇനിയതിൽ നിർദ്ദിഷ്ട മാതൃകയിൽ കെട്ടിടം നിർമിക്കാനാവില്ല. ട്രഷറി പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റുന്നത് അവസാന ഒരുക്കത്തിലാണ്. ഇറിഗേഷൻ മേജർ വിഭാഗവും മൈനർ വിഭാഗവും ഇത്തരത്തിൽ പഴയ കെട്ടിടത്തിലാണ്.
താഴേക്കോട്, പുലാമന്തോൾ, ആലിപ്പറമ്പ്, ഏലംകുളം, വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളാണ് പെരിന്തൽമണ്ണ നഗരസഭക്ക് പുറമെ മണ്ഡലത്തിൽ. മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് സൗകര്യം വർധിപ്പിക്കലാണ് ഒരാവശ്യം.
താഴേക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് വില്ലേജിൽ പ്രൈമറി പഠനം കഴിഞ്ഞാൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് മേഖലയിൽ സൗകര്യമില്ലാത്ത വിഷയമുണ്ട്. ഏലംകുളം പഞ്ചായത്തിൽ പതിറ്റാണ്ടുകളായി ഉയരുന്നതാണ് മാട്ടായ പറയുംതുരുത്ത് പാലം. കുന്തിപ്പുഴക്ക് കുറുകെ കുലുക്കല്ലൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ്.
ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. പുലാമന്തോൾ പഞ്ചായത്തിൽ പാടശേഖരങ്ങൾ കൂടുതലുള്ളതിനാൽ നിലവിലെ ഇറിഗേഷൻ പദ്ധതി വിപുലപ്പെടുത്തി വേനലിലും കർഷകർക്ക് വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമുയർന്നിട്ടുണ്ട്. കൃഷി, ഇറിഗേഷൻ വകുപ്പുകളുടെ ശ്രദ്ധയിൽ വരേണ്ടതാണ് വിഷയം. വെട്ടത്തൂരിൽ പൂങ്കാവനം ഡാമിനു വേണ്ടി ഇറിഗേഷൻ വർഷങ്ങൾ മുമ്പ് ഏറ്റെടുത്ത ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വെട്ടത്തൂർ പഞ്ചായത്ത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
ആശുപത്രി നഗരത്തിൽ 177 കിടക്കകളും 40 ഓളം ഡോക്ടർമാരുമുള്ള പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ വികസനമാണ് മുഖ്യം. ഇവിടെ കിടക്കകളുടെ എണ്ണം കൂട്ടി ഡോക്ടർമാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും തസ്തിക സൃഷ്ടിക്കണം. കിടക്കകൾ 250 വരെയെങ്കിലും ആക്കി ഉയർത്തിയാലേ ആനുപാതികമായി ബജറ്റ് വിഹിതം ലഭിക്കൂ.
സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരുടെയും വലിയ കുറവുണ്ട്. ഒന്നര വർഷമായി സൂപ്രണ്ടില്ലാത്ത ജില്ല ആശുപത്രിയാണിത്. ഉള്ള സൗകര്യങ്ങൾ വെച്ച് സേവനം വർധിപ്പിക്കാൻ പ്രായോഗിക നടപടി സ്വീകരിക്കാൻ മുൻ കലക്ടർ, ചുമതലയുള്ള ഡോക്ടർറോടും റസിഡന്റ് മെഡിക്കൽ ഓഫിസറോടും നിർദേശിച്ചത് ഇപ്പോഴും ഗൗനിച്ചിട്ടില്ല.
മാതൃശിശു ബ്ലോക്കിൽ കേന്ദ്ര പദ്ധതിയിൽ അനുവദിച്ച സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാവാൻ ഇനിയും തസ്തിക വേണം. ഗുരുതരമായ ഒരു കാര്യം കിഫ്ബി പദ്ധതിയിൽ 11.89 കോടി രൂപ ഒ.പി ബ്ലോക്കിനും കാഷ്വാലിറ്റിക്കും അനുവദിച്ചത് മൂന്നര വർഷമായിട്ടും സർക്കാർ തന്നിട്ടുമില്ല, വാങ്ങിയെടുക്കാൻ ജില്ല പഞ്ചായത്ത് ശ്രമിച്ചിട്ടുമില്ല. ഇനി അങ്ങനെയൊരു ഫണ്ട് കിട്ടുമെന്ന് ഉറപ്പുമില്ല.
താഴേക്കോട് പഞ്ചായത്തിൽ കൊടികുത്തി മല കേകേന്ദ്രീകരിച്ച് വിനോദ സഞ്ചാര പദ്ധതികൾ വേണം. യാത്രാസൗകര്യവും അടിസ്ഥാന സൗകര്യവും കൂട്ടണം. ടൂറിസം ഡസ്റ്റിനേഷൻ പദ്ധതിയായി ആലിപ്പറമ്പിൽ നിന്ന് നിർദേശിച്ചതാണ് ആലിപ്പറമ്പ് ടിപ്പു സുൽത്താൻ റോഡിൽ ടൂറിസം പാർക്ക്. 1.5 കോടി ചെലവുവരും. ഇത്രയേറെ പൊതു സ്ഥാപനങ്ങളും തിരക്കുമുള്ള പെരിന്തൽമണ്ണ നഗരത്തിൽ വിനോദത്തിനോ ഉല്ലാസത്തിനോ ഒരു പാർക്കില്ല. 25 വർഷമായി നഗരസഭയായി തുടരുന്നതിനിടയിൽ അത്തരം ആലോചന പോലും നടന്നിട്ടില്ല.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിൽ പുതിയ കൂടുതൽ ഷോപ്പിങ് മാളുകൾ ഉയരുന്നുണ്ട്. എന്നാൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നതാണ് പെരിന്തൽമണ്ണ ടൗൺ നേരിടുന്ന മുഖ്യ പ്രശ്നം. പെരിന്തൽമണ്ണയിലെ വ്യാപാരികൾ ഇക്കാര്യം നിരവധി തവണ ഉന്നയിക്കുന്നതാണ്.
പുതിയ ബൈപ്പാസും സമീപ പ്രദേശങ്ങളിൽനിന്ന് ആളുകൾക്ക് നഗരത്തിലെത്തി മടങ്ങാനുള്ള യാത്രാസൗകര്യവുമാണ് വേണ്ടത്. ദേശീയപാത നിശ്ചലമാവുന്നതും ആംബുലൻസുകളടക്കം കുടുങ്ങിക്കിടക്കുന്നതുമാണ് നിത്യ കാഴ്ചകളിലൊന്ന്.
പെരിന്തൽമണ്ണ: നവകേരള സദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഇന്ന് ഉച്ചയോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് വഴി വരുന്ന ബസ്സുകൾ ഉച്ചക്ക് രണ്ട് മണിക്കുശേഷം ജൂബിലി റോഡ് വഴി മൂസക്കുട്ടി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണം.
പട്ടിക്കാട് ഭാഗത്തുനിന്നും വരുന്ന ബസുകൾ മാനത്തുമംഗലം ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ആയിഷ കോംപ്ലക്സ് ജങ്ഷൻ വഴി മൂസക്കുട്ടി സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണണം. ഉച്ചക്ക് രണ്ടിന് ശേഷം സബ്രീന ജങ്ഷൻ വഴി ബസുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. താഴെക്കോട് ആലിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്നവർ ജയിൽ റോഡ് സ്റ്റോപ്പിൽ ആളെ ഇറക്കി പട്ടാമ്പി റോഡിൽ തയാറാക്കിയ പാർക്കിങ് ഏരിയയിൽ നിർത്തണം.
മേലാറ്റൂർ, വെട്ടത്തൂർ, പട്ടിക്കാട് ഭാഗത്ത് നിന്നുവരുന്ന ചെറുവാഹനങ്ങൾ മാനത്തുമംഗലം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു ബൈപാസ് റോഡിൽ നിശ്ചയിച്ച പാർക്കിങ് ഏരിയയിൽ നിർത്തണം. വലിയ വാഹനങ്ങൾ വൈകീട്ട് 4.30 വരെ ഊട്ടി റോഡിലൂടെ വന്ന് ജങ്ഷനിൽ വന്ന് ഇടത്തോട്ട് തിരിഞ്ഞ് മനഴി ബസ് സ്റ്റാൻഡിലോ പൊന്ന്യാകുർശ്ശി ബൈപാസ് റോഡിലോ നിർത്തണം. 4.30 നുശേഷം വരുന്ന വാഹനങ്ങൾ മാനത്തുമംഗലം ജങ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു നമ്പ്യാർപടി ജങ്ഷനിൽ ആളെ ഇറക്കി ബൈപാസ് റോഡ് സൈഡിൽ പാർക്ക് ചെയ്യണം.
പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗത്തുനിന്നും വരുന്നവ വൈകീട്ട് നാലുവരെ ചെറുകാട് ജങ്ഷനിൽ ആളെ ഇറക്കി തിരിച്ച് പിറകിൽ പോയി പട്ടാമ്പി റോഡിൽ തന്നെ പാർക്കിങ് സ്ഥലത്ത് നിർത്തിയിടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.