പെരിന്തൽമണ്ണ: ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ചു നിർമിക്കുന്ന ഭാഗത്ത് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിന്റെ പ്രധാന കാരണം പ്രവൃത്തി സമയത്തിന് തീർക്കാത്തതും വേണ്ട മുന്നറിയിപ്പ് ബോർഡുകൾ വെക്കാത്തതും. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കെ.എസ്.ടി.പിയുമാണ് കുറ്റക്കാരെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സംസ്ഥാന പതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കിലോമീറ്റർ ഭാഗം 140 കോടി എസ്റ്റിമേറ്റിട്ട് പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സമയം നീട്ടി നൽകിയിരിക്കുകയാണ്. പണി പൂർത്തിയാക്കിയില്ലെങ്കിൽ അതിനെതിരെ എടുക്കേണ്ട നടപടികളിലേക്കൊന്നും കടന്നതുമില്ല.
മാർച്ച് 18നാണ് ഊട്ടി റോഡിലെ മുണ്ടത്തപ്പാലം പൊളിച്ചത്. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് പ്രവൃത്തി 2022 മാർച്ചിൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ, ഇപ്പോഴും 52 ശതമാനം മാത്രമാണ് കഴിഞ്ഞത്. 2023 ഡിസംബർ 31 വരെ കരാർ കാലാവധി മരാമത്ത് വകുപ്പ് നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 20ന് സമാന രീതിയിൽ അങ്ങാടിപ്പുറം പരിയാപുരത്ത് ഡീസൽ ടാങ്കർ മറിഞ്ഞ് 20,000 ലിറ്റർ ഇന്ധനം പൂർണമായി ചോർന്നിരുന്നു. ഇന്ധനം കിണറുകളിൽ കലർന്ന് കത്തിയിരുന്നു. ഈ ഭാഗത്തെ കുടുംബങ്ങൾ ദുരിതത്തിലാണ്. അപകടാവസ്ഥയിലായ പരിയാപുരം റോഡിൽ വേണ്ട മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതുമായിരുന്നു അപകട കാരണം.
പൊതുമരാമത്ത് വകുപ്പ് ചൊവ്വാഴ്ചയാണ് ഈ ഭാഗത്ത് സൂചന ബോർഡ് വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.