ചേലേമ്പ്ര: കോടികൾ ചെലവഴിച്ച് റബറൈസ് ചെയ്ത് നവീകരണം പൂർത്തീകരിച്ച ഇടിമൂഴിക്കൽ-പുല്ലിപ്പറമ്പ് റോഡിൽ പൈപ്പ് ലൈൻ പൊട്ടുന്നത് തുടർക്കഥയാവുന്നു. പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാനാകാതെ ജലവിഭവ വകുപ്പ് അധികൃതരും നെട്ടോട്ടത്തിൽ. ഒന്നരവർഷം മുമ്പ് 3.35 കോടി രൂപ ചെലവഴിച്ച് റബറൈസ് ചെയ്ത് നവീകരിച്ച റോഡിലെ ഒന്നര കിലോമീറ്ററിനുള്ളിൽ മാസത്തിനുള്ളിൽ 11 സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്.
ഇതുകാരണം റോഡും പൊട്ടിപ്പൊളിയുന്നുണ്ട്. റോഡ് നവീകരണ വേളയിൽ കാലപ്പഴക്കമുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ജലവിഭവ വകുപ്പിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
എന്നാൽ റോഡിലൂടെ 37 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച എ.സി പൈപ്പ് ലൈനിന്റെ ഇടിമൂഴിക്കൽ-ചക്കുവളവിനുള്ളിൽ കഴിഞ്ഞ ചെറിയ കാലങ്ങൾക്കുള്ളിൽ 11ലേറെ സ്ഥലങ്ങളിലാണ് റോഡ് പൊളിഞ്ഞത്.
സംഭവങ്ങൾ തുടർക്കഥയായപ്പോൾ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പൊതുമരാമത്ത് അസി. എൻജിനിയർ ഷാജിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും ജലവിഭവ വകുപ്പ് ഓവർസിയർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി.
പൊട്ടിയ സ്ഥലങ്ങളിൽ പൈപ്പ് ലൈൻ പൂർവസ്ഥിതിയിലാക്കി നിലവിലുള്ള ഉപരിതല സ്ഥിതിപോലെ റോഡ് പൂർവസ്ഥിതിയിലാക്കി തരണമെന്ന കരാറോടെ അനുമതി നൽകാൻ പൊതുമരാമത്ത് വിഭാഗത്തിന് എം.എൽ.എ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.