മലപ്പുറം: പ്ലസ്വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ച 12 കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കൊണ്ടുപോകുന്ന ബസ് തടഞ്ഞ പ്രവർത്തകർ ബസിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. റോഡുപരോധത്തെ തുടർന്ന് മലപ്പുറം കുന്നുമ്മലിൽ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് നൂറോളം പ്രവർത്തകർ പ്രകടനമായി സിവിൽ സ്റ്റേഷൻ ഗേറ്റിലെത്തിയത്. ഉദ്ഘാടനച്ചടങ്ങിനുശേഷം ബാരിക്കേഡ് പിടിച്ചുകുലക്കുകയും വലിച്ചുമറിച്ചിടാൻ ശ്രമിക്കുകയും ചെയ്ത സമരക്കാർ പിന്നീട് പിന്തിരിഞ്ഞ് പ്രകടനമായി നീങ്ങി കുന്നുമ്മൽ ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചു.
റോഡിൽ കുത്തിയിരുന്ന സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പിടിവലിയും നടന്നു.
പ്രതിഷേധത്തിനിടെ, ബസ് പിറകോട്ടെടുത്താണ് അറസ്റ്റിലാവരെ പൊലീസ് കൊണ്ടുപോയത്. അറസ്റ്റിനിടെ, പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ കൈയേറ്റവും നടന്നു. പിടിവലിക്കിടെ, രണ്ടു പൊലീസുകാർക്കും ഏതാനും പ്രവർത്തകർക്കും പരിക്കുണ്ട്. കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ് അടക്കമുള്ള ഭാരവാഹികളും പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.
കലക്ടറേറ്റ് മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, സംസ്ഥാന ഭാരവാഹികളായ കെ.കെ.ബി ആദിൽ, ഷംലിക് കുരിക്കൾ, ഷഫ്രിൻ, പി. സുദേവ്, ജില്ല ജനറൽ സെക്രട്ടറി അനൂജ് കാപ്പിൽ എന്നിവർ സംസാരിച്ചു. അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചു.
മലപ്പുറം: വൻ പ്രവർത്തക പങ്കാളിത്തത്തിൽ അരങ്ങേറിയ കെ.എസ്.യു സമരത്തിൽ പകച്ച് പൊലീസ്. റോഡുപരോധിച്ച സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെ ശക്തമായ ചെറുത്തുനിൽപ്പാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സംഘർഷ സാധ്യതയുണ്ടായിട്ടും സമരമുഖത്ത്, പൊലീസുകാരുടെ എണ്ണം വളരെ കുറവായിരുന്നു.
സിവിൽസ്റ്റേഷൻ ഗേറ്റ്, ബാരിക്കേഡ് വെച്ച് അടച്ച് ഭദ്രമാക്കിയിരുന്നെങ്കിലും റോഡുപരോധം നേരിടാനുള്ള സന്നാഹം പൊലീസ് ഒരുക്കിയിരുന്നില്ല. സമരക്കാരെ നേരിടാൻ ആവശ്യമായ ആൾശേഷി ഇല്ലാത്തതിനാൽ റോഡുപരോധിച്ചവരെ നീക്കാൻ പൊലീസ് പാടുപെടു.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് അടക്കം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.