രാജിവെച്ച കൗൺസിലർക്കെതിരെ പോക്സോ കേസ്

മലപ്പുറം: റിട്ട. അധ്യാപകനും മലപ്പുറം നഗരസഭ 11ാം വാർഡ് സി.പി.എം കൗൺസിലറുമായ കെ.വി. ശശികുമാറിനെതിരെ പോക്സോ കേസ്. ലൈംഗിക പീഡനപരാതിയിൽ മലപ്പുറം വനിത പൊലീസാണ് കേസെടുത്തത്. ശശികുമാറിനെ സസ്പെൻഡ് ചെയ്തതായും എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയതായും സി.പി.എം ജില്ല സെക്രട്ടറി അറിയിച്ചു. പാർട്ടി നിർദേശപ്രകാരം ചൊവ്വാഴ്ച കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് മലപ്പുറം നഗരസഭ സെക്രട്ടറിക്ക് തപാൽ വഴി അയച്ചുകൊടുത്തിരുന്നു.

എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാർ കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പൂർവ വിദ്യാർഥിനികളിലൊരാൾ പങ്കുവെച്ച കുറിപ്പിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇരയായ ഒട്ടേറെപേർ ഈ പോസ്റ്റിന് കീഴിൽ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൂർവവിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ഇരകൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. 

പീഡന പരാതികൾ സ്കൂൾ അധികൃതർ അവഗണിച്ചു -പൂർവവിദ്യാർഥിനികൾ

മലപ്പുറം: 30 വർഷത്തോളം അധ്യാപകനായിരുന്ന ശശികുമാറിനെതിരെ വിവിധ കാലങ്ങളിൽ വിദ്യാർഥിനികൾ നൽകിയ പരാതികൾ സ്കൂൾ അധികൃതർ അവഗണിച്ചതായി പൂർവവിദ്യാർഥിനികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്കൂൾ കോർപറേറ്റ് മാനേജ്മെന്‍റിന് നൽകിയ പരാതികളടക്കം അവഗണിക്കുകയായിരുന്നെന്ന് പൂർവവിദ്യാർഥിനി കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. പീഡനത്തിനിരയായ രണ്ട് പെൺകുട്ടികൾ ആത്മഹത്യയുടെ വക്കിലെത്തിയതായും ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു. ഒമ്പത് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ബലാത്സംഗത്തിനിരയായ കേസും ഇതിലുൾപ്പെടും.

Tags:    
News Summary - Pocso case against resigned councilor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.