പൂക്കോട്ടുംപാടം: അമരമ്പലത്തെ മിനി ഗുണ്ടൽപേട്ടായ വേങ്ങാപരതയിലെ സൂര്യകാന്തി പാടം കാണാനെത്തുന്നവരിൽനിന്ന് ഈടാക്കുന്ന പ്രവേശന തുക നിരാലംബ രോഗികൾക്കും പാലിയേറ്റിവിനും നൽകുമെന്ന് സൂര്യകാന്തി കർഷകർ. കഴിഞ്ഞ ഞായറാഴ്ച മാത്രം സന്ദർശകരിൽനിന്ന് ലഭിച്ചത് രണ്ടുലക്ഷത്തിലധികം രൂപയാണ്. ഈ തുക കുട്ടികളുടെ ചികിത്സ സഹായത്തിന് നൽകും.
അടുത്ത ഞായറാഴ്ച ലഭിക്കുന്ന തുക പൂക്കോട്ടുംപാടം പാലിയേറ്റിവിനും നൽകുമെന്ന് കൃഷിക്കാരനായ ചെറുകോട് സ്വദേശി വെള്ളൂർ മഠത്തിൽ മൂസ പറഞ്ഞു. കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമേ താൻ പ്രതീക്ഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശകരിൽനിന്ന് 10 രൂപയാണ് പ്രവേശന തുകയായി ഈടാക്കുന്നത്. വേങ്ങാപരതയിലെ 10 ഏക്കറിലധികം സ്ഥലത്ത് നടത്തിയ സൂര്യകാന്തി കൃഷിയിൽ അഞ്ചു ഏക്കറോളം പൂത്തു കഴിഞ്ഞു. ബാക്കി സ്ഥലത്തുള്ളത് പൂത്തുവരുന്നുണ്ട്. സൂര്യകാന്തി വിരിഞ്ഞ വിവരം പ്രചരിച്ചതോടെ ആയിരക്കണക്കിനാളുകളാണ് വേങ്ങാപരതയിലെത്തിയത്. അവധി ദിവസങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പോലും സ്ഥമില്ലാത്തത്ര തിരക്കാണ്.
സ്കൂൾ അധികൃതർ വിദ്യാർഥകളുമായും സൂര്യകാന്തി സന്ദർശിക്കാനെത്തുന്നുണ്ട്. കാഴ്ചക്കാരെ സ്വീകരിക്കാൻ വഴിവാണിഭക്കാരും ഓട്ടോറിക്ഷക്കാരും സജീവമായി.ഗുണ്ടൽപേട്ടിൽ സൂര്യകാന്തി കൃഷി നടത്തി പരിചയമുള്ള മൂസ പശ്ചിമ ഘട്ട മലയടിവാരമായ വേങ്ങാപരതയിൽ നേന്ത്രവാഴ കൃഷി നടത്തിയിരുന്ന സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലാണ് പൂകൃഷിക്ക് തുടക്കമിട്ടത്. എന്നാൽ, പുഷ്പങ്ങൾ ജനങ്ങളെ ഇത്രമാത്രം ആകർഷിക്കുമെന്ന് കരുതിയിരുന്നില്ല. സൂര്യകാന്തി വിളവെടുപ്പിനുശേഷം ചെണ്ടുമല്ലി കൃഷി കൂടി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.