കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ത്രികോണ മത്സരത്തിന് സാധ്യത. വണ്ടൂർ നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ലീഗ്, കോൺഗ്രസ് ചർച്ച പൂർത്തിയാക്കി ധാരണയുണ്ടാക്കിയെങ്കിലും സ്ഥിരം പ്രശ്ന പഞ്ചായത്തുകളായ കരുവാരകുണ്ട്, പോരൂർ, മമ്പാട് എന്നിവിടങ്ങളിൽ ചർച്ച നടന്നിട്ടില്ല.
ജില്ല, മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് വണ്ടൂരിൽ യോഗം ചേർന്ന് മറ്റു പഞ്ചായത്തുകളിൽ ധാരണയുണ്ടാക്കിയത്. കരുവാരകുണ്ടിേൻറത് പ്രത്യേകം വിളിക്കാനായിരുന്നു തീരുമാനം.
അതനുസരിച്ച് ശനിയാഴ്ച പ്രാദേശിക നേതാക്കളുമായുള്ള ചർച്ച തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ ധാരണയാവാതെ യോഗം വിളിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ജില്ല നേതൃത്വം കരുതുന്നത്. കഴിഞ്ഞതവണ ത്രികോണ മത്സരത്തിൽ നേടിയ വാർഡുകൾ വിട്ടുനൽകുന്നതിലാണ് പ്രധാന തർക്കം.
കോൺഗ്രസ് പിടിച്ച, ലീഗ് കേന്ദ്രങ്ങളായ പനഞ്ചോലയും തരിശും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ല. ഇത് തങ്ങൾക്ക് വേണമെന്ന് ലീഗ് വാശിപിടിക്കുകയും ചെയ്യുന്നു. കോൺഗ്രസാവട്ടെ തങ്ങളുടെ വാർഡുകളിലേക്ക് സ്ഥാനാർഥികളെ കണ്ടുവെക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിലെയും ലീഗിലെയും ചില മുതിർന്ന നേതാക്കൾ ഐക്യത്തിന് എതിരുമാണ്. എം.എൽ.എയും മണ്ഡലം നേതൃത്വവും യോഗം വൈകിപ്പിക്കാനുള്ള കാരണവും ഇതാണ്.
അതിനിടെ, ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫും തരിശിലും പനഞ്ചോലയിലും ത്രികോണ സൗഹൃദ മത്സരവും ആവാമെന്ന അഭിപ്രായവും കോൺഗ്രസിൽ ചിലർക്കുണ്ട്. ഇത് പക്ഷേ, ലീഗിന് സമ്മതവുമല്ല.
വണ്ടൂർ: കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലീഗും കോൺഗ്രസും ഒറ്റക്ക് മത്സരിച്ച കരുവാരകുണ്ട് പഞ്ചായത്തിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് വണ്ടൂരിൽ നടന്ന യു.ഡി.എഫ് മണ്ഡലംതല ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. അതേസമയം, വണ്ടൂർ പഞ്ചായത്തിൽ 23 സീറ്റിൽ 15ൽ കോൺഗ്രസും എട്ടു സീറ്റിൽ ലീഗും മത്സരിക്കാൻ ധാരണയായി.
കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ കാളികാവ്, തിരുവാലി, കരുവാരക്കുണ്ട്, പോരൂർ, ചോക്കാട് പഞ്ചായത്തിൽ കോൺഗ്രസും ലീഗും പരസ്പരം മത്സരിച്ചിരുന്നു. കാളികാവിലും കരുവാരകുണ്ടിലും കോൺഗ്രസ് ഇടതിനൊപ്പം കൈകോർത്തപ്പോൾ പോരൂരിൽ ലീഗാണ് സി.പി.എമ്മിനൊപ്പം പോയത്.
ഇത് പലയിടത്തും യു.ഡി.എഫിന് തിരിച്ചടി നൽകാൻ കാരണമായി. ഇക്കാരണത്താൽ ജില്ല നേതൃത്വം നേരത്തേ ഇടപെട്ട് ഇരുപാർട്ടികളുടേയും ഐക്യം തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജകമണ്ഡലത്തിൽ ഉറപ്പിച്ചിട്ടുണ്ട്.
ഇതേ തുടർന്നാണ് വണ്ടൂരിൽ കോൺഗ്രസ് ഓഫിസിൽ രാവിലെ ഒമ്പത് മുതൽ മാരത്തൺ ചർച്ചകൾ നടന്നത്. ഇതിൽ വണ്ടൂർ, തിരുവാലി, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ കാര്യങ്ങൾ മാത്രമാണ് തീരുമാനമായതെന്നാണ് വിവരം. അതേസമയം കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, മമ്പാട് പഞ്ചായത്തുകളിലേത് തീരുമാനമായില്ലെന്നും അറിയുന്നു.
ഇതിൽ കരുവാരകുണ്ട് വിഷയം വണ്ടൂരിലെ നേതൃത്വത്തിനും കീറാമുട്ടിയാകാനാണ് സാധ്യത. പോരൂരിൽ ലീഗിനും മമ്പാട്ട് കോൺഗ്രസിനും വിജയസാധ്യതയുള്ള ജനറൽ സീറ്റാണ് വിഷയം. വണ്ടൂർ പഞ്ചായത്തിലെ 23 വാർഡിലെ സ്ഥാനാർഥികളേയും ശനിയാഴ്ച പ്രഖ്യാപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.