ചേലേമ്പ്ര: മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തി പങ്കിടുന്ന ചേലേമ്പ്ര പുല്ലിപ്പുഴ സർവേ നടത്താനുള്ള കുരുക്കഴിഞ്ഞു. പുഴയുടെ പുറമ്പോക്ക് അളന്ന് അതിർത്തി നിർണയിക്കുന്ന പ്രവർത്തി 28ന് ആരംഭിക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ച് സർവേ വിഭാഗം അറിയിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. അതിർത്തി കല്ലിടുന്ന പ്രവർത്തിയും നടക്കും. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വാർഷിക പദ്ധതി പ്രകാരം വകയിരുത്തിയാണ് സർവേ നടപടി ആരംഭിക്കുന്നത്. പുല്ലിപ്പുഴ സർവേ നടത്തി അതിർത്തി നിർണയിക്കണമെന്ന് റവന്യു ഭൂരേഖ വിഭാഗത്തോട് 2011ൽ ആവശ്യപ്പെട്ടതാണ്. ആവശ്യത്തിന് സർവേയർമാരില്ലെന്ന പേരിൽനടപടി എങ്ങുമെത്താതെ കിടക്കുകയായിരുന്നു.
2019ൽ പുഴ പുറമ്പോക്ക് അതിർത്തി നിർണയിക്കുന്നതിന് ഒരു പ്രത്യേക സർവേ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അക്കാലത്ത് റവന്യൂമന്ത്രി സർവേ ടീമിനെ അനുവദിച്ചെങ്കിലും സർവേ നടപടികൾക്കായുള്ള ഫണ്ടില്ലെന്ന പേരിൽ നടപടി വൈകുകയായിരുന്നു.
പിന്നീട് എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതി പ്രകാരം സർവേ നടത്താൻ മൂന്ന് ലക്ഷം രൂപ വകയിരുത്തി ഭരണാനുമതിക്ക് സമർപ്പിച്ചെങ്കിലും ധനകാര്യവകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ നടപടി പൂർണമായും ഇല്ലാത്ത അവസ്ഥയായി.
കൊണ്ടോട്ടി ദൂരേഖ വിഭാഗത്തിന്റെ നിർദേശപ്രകാരം പ്രത്യേക ടീമാണ് സർവേ നടത്തുക. ഒന്നിടവിട്ട ദിവസങ്ങളിൽ സർവേ നടത്തി അതിർത്തി മാർക്കിട്ട് കല്ലുകൾ നാട്ടും. അതേസമയം സർവേ വിഭാഗം കഴിഞ്ഞദിവസം പുല്ലിപ്പുഴയോരത്ത് എത്തി എഫ്.എം.ബി പ്രകാരം ആർ.ടി.കെ ഉപയോഗിച്ച് പ്രോട്ട് തിരിച്ച് പ്രാഥമിക സർവേ നടപടികൾ ആരംഭിച്ചിരുന്നു. പുല്ലിക്കടവ് പാലം മുതൽ സിൽക് പാലം വരെയാണ് സർവേ നടത്തുക.
ഇരുകരകളിലും സർവേ നടത്തി കല്ലിടുന്ന പ്രവർത്തിക്കായി 225 സർവേ കല്ലുകളാണ് കണക്കാക്കുന്നത്. ഏഴുകിലോമീറ്റർ ദൂരത്തുള്ള സർവേ ജോലികൾ കാടും പൊന്തയുമായതിനാൽ സർവേ നടപടികൾ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.