മലപ്പുറം: കനത്ത വേനലിൽ കടലുണ്ടി പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ മലപ്പുറം നഗരസഭ പരിധിയിൽ കുടിവെള്ളം പ്രതിസന്ധിയിലേക്ക്. ആവശ്യത്തിന് വെള്ളമില്ലാതെ വന്നതോടെ ജലവകുപ്പ് നഗരത്തിൽ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി. ശക്തമായ മഴ പെയ്തില്ലെങ്കിൽ സ്ഥിതികൾ ഗുരുതരമാകുമെന്ന് ജലവകുപ്പ് അറിയിച്ചു.
പുഴയിൽ വെള്ളം കുറഞ്ഞതോടെ നാല് മണിക്കൂർ ഇടവിട്ടാണ് ജല വകുപ്പ് പമ്പിങ് നടത്തുന്നത്. പമ്പിങ് അര മണിക്കൂർ പിന്നിടുമ്പോഴേക്കും വെള്ളം കഴിയുന്ന സ്ഥിതിയുണ്ട്. ജലലഭ്യത കുറഞ്ഞതോടെ മലപ്പുറം വില്ലേജ് വാട്ടർ സപ്ലൈ സ്കീമിൽ ഉൾപ്പെട്ട നാമ്പ്രാണി, മണ്ണാറക്കുണ്ട് എന്നിവിടങ്ങളിൽനിന്ന് വിതരണത്തിന് അധികൃതർ നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. ഏഴ് മണിക്കൂർ തുടർച്ചയായി പമ്പ് ചെയ്താൽ മാത്രമേ നഗരത്തിൽ ജലവിതരണം പൂർണതോതിൽ സാധ്യമാകൂ. പമ്പിങിന് നിയന്ത്രണം വരുന്നതോടെ കോട്ടപ്പടി, മൈലപ്പുറം, മേൽമുറി, കണ്ണത്തുപാറ, സിവിൽ സ്റ്റേഷൻ, ചെമ്മൻകടവ്, കുന്നുമ്മൽ, മൂന്നാംപടി ഭാഗങ്ങളിലെല്ലാം വിതരണം പ്രയാസത്തിലാകും.
നിലവിൽ ഇതിൽ ചിലയിടങ്ങളിൽ രണ്ട് ദിവസത്തിലൊരിക്കലും ചിലയിടത്ത് മൂന്ന് ദിവസത്തിൽ ഒരിക്കലുമായിരുന്നു വിതരണം. ഏപ്രിൽ ആദ്യത്തിലും ഇതേ സാഹചര്യമുണ്ടായിരുന്നു. തുടർന്ന് പന്തല്ലൂർ പുഴങ്കാവ് ഡാമിൽ വെള്ളമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇത്തവണയും പന്തല്ലൂരിൽനിന്ന് വെള്ളം എത്തിക്കാൻ കഴിയുമോ എന്ന് അധികൃതർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.