മലപ്പുറം: കോട്ടപ്പടി വലിയതോട് നവീകരണ പ്രവൃത്തികളുടെ മുന്നോടിയായ സർവേ നടപടികൾ മേൽമുറി വില്ലേജിലേക്ക്. മേൽമുറി വില്ലേജ് പരിധിയിലെ മച്ചിങ്ങൽ ബൈപാസ് മുതൽ പൂക്കോട്ടൂർ പിലാക്കൽ വരെയാണ് ഇനി സർവേ നടത്തുക. ഇതിന് മുന്നോടിയായി വില്ലേജ് അധികൃതരും നഗരസഭ അധികൃതരും കൂടിയാലോചന നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് ഡിജിറ്റൽ സർവേ വിഭാഗം നടപടി ആരംഭിക്കും. നേരത്തെ മലപ്പുറം വില്ലേജ് പരിധിയിലെ മച്ചിങ്ങൽ ബൈപാസ് ജങ്ഷൻ മുതൽ കോട്ടപ്പടി ചെത്ത് പാലം വരെ ഒക്ടോബർ നാലിനും പാണക്കാട് വില്ലേജ് പരിധിയിലെ കോട്ടപ്പടി ചെത്ത് പാലം മുതൽ ഹാജിയാർപള്ളി കടലുണ്ടി പുഴ വരെ ഒക്ടോബർ 10നുമാണ് സർവേ പൂർത്തിയായത്.
സർവേ നടപടികൾ പൂർത്തിയാകുന്നതോടെ വലിയതോട് നവീകരണ പ്രവൃത്തികൾ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. മലപ്പുറം വില്ലേജ് പരിധിയിലെ കിഴക്കെതല ചെത്ത് പാലം മുതൽ മച്ചിങ്ങൽ ബൈപാസ് ജങ്ഷൻ വരെയാകും നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുക. പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്ക് എട്ടുകോടി രൂപയാണ് നഗരസഭ വകയിരുത്തിയത്. പദ്ധതി പൂർത്തീകരിക്കാൻ കൂടുതൽ തുക ആവശ്യമായി വരും. ഈ സാഹചര്യം മുന്നിൽക്കണ്ട് തോട് നവീകരണത്തിന് വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കി കേന്ദ്ര സർക്കാറിന് സമർപ്പിക്കുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. സെപ്റ്റംബർ 25ന് മച്ചിങ്ങൽ ബൈപാസിന് സമീപത്തുനിന്നാണ് സർവേ തുടങ്ങിയത്.
മഴ പെയ്താൽ വലിയ തോട്ടിലും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് തോട് നവീകരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയർന്നത്. തോട് കടന്നുപോകുന്ന ഭാഗത്തെ വാർഡ് കൗൺസിലർമാർ അടക്കം ഉൾപ്പെട്ട ജനകീയ ആക്ഷൻ കമ്മിറ്റി ഇതിനായി രംഗത്തുവന്നു. കഴിഞ്ഞ ജൂലൈ അവസാനത്തിൽ പെയ്ത കനത്ത മഴയിലും സ്ഥിതി ഗുരുതരമായിരുന്നു. തോട് നവീകരണ പ്രവൃത്തികൾക്ക് 2022-23 വർഷത്തെ കേന്ദ്ര നഗരസഞ്ചയം പദ്ധതി ഫണ്ടിലാണ് തുക വകയിരുത്തിയത്. പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. കൂടാതെ തോടിന് വശങ്ങളിലായി സൈക്കിൾ പാത, നടപ്പാത, ഇരിപ്പിടങ്ങൾ, മിനി പാർക്കുകൾ എന്നിവയും നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.