മലപ്പുറം: ജില്ലയിൽ ആദ്യഘട്ടത്തിൽ പുഴകളിൽനിന്ന് മണലെടുക്കാനുള്ള സാധ്യത പരിശോധിക്കുന്നത് 17 കടവുകളിൽ. കടലുണ്ടിപ്പുഴ, ചാലിയാർ പുഴകളിലെ കടവുകളിൽനിന്നാണ് പരിഗണനയിൽ മുന്നിലുള്ളത്. കടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയിരിക്കുന്നത്. കടലുണ്ടിപ്പുഴയിൽ പെരിന്തൽമണ്ണ താലൂക്കിൽ രണ്ട് കടവുകളും ചാലിയാർ കടന്ന് പോകുന്ന ഏറനാട് താലൂക്കിലെ 11 കടവുകളും നിലമ്പൂർ താലൂക്കിലെ നാല് കടവുകളും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചു.
ഓരോ കടവുകളിലും അഞ്ച് ഹെക്ടറിൽ താഴെ സ്ഥലത്ത് നിന്നാണ് മണൽ വാരുന്നതിനുള്ള സാധ്യത പരിശോധിക്കുക. ഇവിടങ്ങളിൽ റവന്യു വകുപ്പിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. ഇനി ജിയോളജി വകുപ്പിന്റെ പഠന റിപോർട്ടാണ് ലഭിക്കാനുള്ളത്. ഈ റിപോർട്ട് സബ് കലക്ടർക്ക് സമർപ്പിച്ചാൽ പരിശോധന പൂർത്തിയാക്കി സർക്കാറിന് സമർപ്പിക്കും. തുടർന്ന് സർക്കാറാകും മണൽ വാരുന്നതിന്റെ തോത്, പാസ്, ചുമതല, ഫീസ് എന്നീ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ സർക്കാർ സ്വന്തം നിലക്ക് വരുമാനം ഉണ്ടാക്കാൻ നദികളിൽനിന്ന് മണൽ വാരാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലക്ക് ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽനിന്നും മണൽ വാരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപനം നടത്തിയത്.
നദികളിൽനിന്നുള്ള മണൽ വാരലിലൂടെ സർക്കാർ 200 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിടുന്നത്. ജലസംഭരണത്തോത് വർധിപ്പിക്കാനും വെള്ളപൊക്ക സാധ്യത തടയാനുമാണ് മണലെടുക്കുന്നതെന്ന് സർക്കാർ പറയുന്നു. ജില്ലയിൽ ചാലിയാര്‍, നിള(ഭാരതപ്പുഴ), കടലുണ്ടി എന്നിവിടങ്ങളിൽ നിന്നായി ആകെ 30 കടവുകളിൽനിന്നാണ് മണൽ വാരൽ സാധ്യത റവന്യൂ വകുപ്പ് പരിശോധിക്കുന്നത്.
ഇതിൽ 30ൽ 13 കടവുകളുടെ സാധ്യത രണ്ടാംഘട്ടത്തിലാകും പരിഗണിക്കുക. പുഴകളിൽ മണലെടുക്കാൻ 2020 ഫെബ്രുവരിയിലാണ് ചാലിയാറിലെ സാന്‍ഡ് ഓഡിറ്റ് റിപോര്‍ട്ട് പൂര്‍ത്തിയായത്. പിന്നീട് കടലുണ്ടിപ്പുഴയുടെയും ഭാരതപ്പുഴയുടെയും റിപോര്‍ട്ട് തയാറായി. ചാലിയാര്‍, ഭാരതപ്പുഴ എന്നിവിടങ്ങളിലേത് സംബന്ധിച്ച് 2020ല്‍ തന്നെ സംസ്ഥാന പാരിസ്ഥിതിക മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിരുന്നു. കടലുണ്ടിപ്പുഴയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് 2021 സെപ്തംബര്‍ അവസാനത്തോടെയാണ് നല്‍കിയത്. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയില്‍നിന്ന് മണല്‍ വാരിയത്. ഇതിനുശേഷം സാന്‍ഡ് ഓഡിറ്റ് നടത്തിയെങ്കിലും ചില കടവുകളില്‍നിന്ന് മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നിലനിന്നിരുന്നു.
2016ല്‍ സാന്‍ഡ് ഓഡിറ്റ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം മണല്‍ വാരല്‍ നടന്നില്ല. ഈ റിപോര്‍ട്ടിന്റെ കാലാവധി അവസാനിച്ചതോടെയാണ് 2019 ജനുവരി 24ന് വീണ്ടും ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഓഡിറ്റ് നടത്താൻ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസോഴ്സ് ഡെവലപ്മെന്റിനെയാണ് (സി.എസ്.ആര്.ഡി) ജില്ല ഭരണകൂടം ചുമതലപ്പെടുത്തിയത്.
റവന്യൂ വകുപ്പിന് കീഴിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ഐ.എല്‍.ഡി.എം) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഓഡിറ്റ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.