ഒറ്റപ്പാലം: വനംവകുപ്പിന്റെ അധീനതയിലുള്ള അനങ്ങൻമലയിൽനിന്ന് താഴ്വാരത്തിലെ സ്വകാര്യ വ്യക്തിയുടെ വളപ്പിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ച കേസിൽ മൂന്നംഗ സംഘം പിടിയിൽ. ഒറ്റപ്പാലം വരോട് സ്വദേശികളായ മണികണ്ഠൻ (35), സുജീഷ് (27), സുധീഷ് (25)എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മരങ്ങൾ കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും സ്കൂട്ടറും മരം വെട്ടാനുപയോഗിക്കുന്ന ആയുധങ്ങളും ചന്ദനവും ഇവരിൽനിന്ന് പിടികൂടി.
വനഭൂമിയിൽ അതിക്രമിച്ച് കയറി ചന്ദനം, ചന്ദനത്തിന്റെ വകഭേദമായ അകിൽ എന്നിവ മുറിച്ച് കടത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. അറവക്കാട്, ചുനങ്ങാട് ഭാഗങ്ങളിലെ അനങ്ങൻമലയിൽനിന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്നും രണ്ടുമാസം മുമ്പ് സമാന രീതിയിലുള്ള രണ്ട് കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. മൂവരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജിയാസ് ജമാലുദ്ദീൻ ലബ്ബയുടെ നേതൃത്വത്തിൽ തിരുവാഴിയോട് സെക്ഷൻ ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. ഗിരീഷ്, കെ. വിനൂപ്, വി. താരുഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം. സഞ്ജു, കെ.ജി. സനോജ്, എസ്. വിനോദ് കുമാർ, എസ്.എൽ. ജിതിൻ മോൻ, എം. നിതീഷ് ഭരതൻ തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.