സ​ന്തോ​ഷ്‌ ട്രോ​ഫി മ​ത്സ​ര​ത്തി​നാ​യി കേ​ര​ളം ടീം ​അം​ഗ​ങ്ങ​ൾ കോ​ഴി​ക്കോ​ട്ടെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം

മ​ഞ്ചേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ന​ൽ​കി​യ സ്വീ​ക​ര​ണം

സ​സ​ന്തോ​ഷം വ​ര​വേ​ൽ​പ്

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ടീമുകൾക്ക് ആതിഥേയ ജില്ലയുടെ പ്രൗഢഗംഭീര വരവേൽപ്. കേരളത്തിന് പുറമെ പഞ്ചാബ്, മണിപ്പൂര്‍, ഒഡിഷ, രാജസ്ഥാന്‍, മേഘാലയ, ബംഗാള്‍ ടീമുകളും ബുധനാഴ്ചയെത്തി. ഗുജറാത്ത്, കര്‍ണാടക, നിലവിലെ ചാമ്പ്യന്‍മാരായ സര്‍വിസസ് എന്നിവര്‍ വ്യാഴാഴ്ച എത്തും. രാവിലെ 11.30ന് കോഴിക്കോട്ട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് മൂന്നോടെയാണ് കേരള ടീം മഞ്ചേരിയിലേക്ക് തിരിച്ചത്. 5.30ഓടെ എത്തി.

ടീമിന് യു.എ. ലത്തീഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. വാദ്യമേളങ്ങളോടെ ഒരുക്കിയ സ്വീകരണത്തില്‍ ആവേശം പകരാന്‍ വന്‍ ജനാവലിയെത്തി. നഗരസഭ ചെയര്‍പേഴ്‌സൻ വി.എം. സുബൈദ, വൈസ് ചേയര്‍പേഴ്സൻ ബീന ജോസഫ്, കൗൺസിലർ സജിത്ത് ബാബു, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബാള്‍, ബാസ്‌കറ്റ്‌ബാള്‍ അക്കാദമി കുട്ടികൾ എന്നിവർ പങ്കെടുത്തു.

രാവിലെ 7.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മണിപ്പൂര്‍ ടീമിനെ ബാൻഡ് മേളത്തോടെ ബൊക്കയും പൂവും നല്‍ക്കി സംഘാടകസമിതിയും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. മാറ്റ് കൂട്ടാന്‍ കൊണ്ടോട്ടിയിലെ ഫുട്‌ബാള്‍ അക്കാദിയിലെ കുട്ടികളുമുണ്ടായിരുന്നു. പഞ്ചാബാണ് ആദ്യം എത്തിയത്. പുലര്‍ച്ച രണ്ടിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ ടീമിനെ സ്വീകരിച്ചു. രാവിലെ 7.30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ഒഡിഷ ടീമിനെയും വരവേറ്റു. കേരളത്തിന് പുറമെ രാജസ്ഥാനും ഉച്ചക്ക് ശേഷമാണ് വന്നത്. ബംഗാളും മേഘാലയയും രാത്രിയും.

മൈതാനങ്ങൾ പരിശോധിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യന്‍ഷിപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ സുരക്ഷ, പാര്‍ക്കിങ് സംവിധാനങ്ങള്‍ വിലയിരുത്താന്‍ ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

മെഡിക്കൽ ടീം റെഡി

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി മെഡിക്കല്‍ സബ് കമ്മിറ്റി നേതൃത്വത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. മത്സര സമയത്ത് അപകടം സംഭവിച്ചാല്‍ എങ്ങനെ നേരിടണമെന്ന് കാണിക്കുന്നതായിരുന്നു മോക്ഡ്രില്‍.

പരിക്കുപറ്റിയ ഉടന്‍ ചേയ്യേണ്ട കാര്യങ്ങള്‍, ആംബുലന്‍സുകളുടെ വരവ് തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.

കേരള ടീമിൽ ആറ് ജില്ലക്കാർ

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി ബൂട്ട് കെട്ടുന്നത് ജില്ലക്കാരായ ആറ് താരങ്ങള്‍. അര്‍ജുന്‍ ജയരാജ്, കെ. സല്‍മാന്‍, എ.പി. മുഹമ്മദ് ഷഹീഫ്, ഫസലുറഹ്മാൻ, എന്‍.എസ്. ഷിജില്‍, ടി.കെ. ജെസിന്‍ എന്നിവരാണ് 20 അംഗ ടീമില്‍ ഇടം നേടിയവർ.

പ്രാഥമിക റൗണ്ട് കളിച്ച വേങ്ങര സ്വദേശി മുഹമ്മദ് ആസിഫ്, വാഴക്കാട്ടുകാരൻ ബുജൈര്‍ എന്നിവര്‍ക്ക് അവസരം നഷ്ടമായി. ടീമിലെത്തിയവരിൽ മൂന്നുപേരും കേരള യുനൈറ്റഡ് എഫ്.സിയുടെ താരങ്ങളാണ്. തൃക്കലങ്ങോട് സ്വദേശിയായ മധ്യനിരക്കാരൻ അര്‍ജുന്‍ ജയരാജ് കേരള യുനൈറ്റഡ് എഫ്.സി നായകനും ഐ ലീഗ് താരവുമാണ്. മധ്യനിരയിലെ സല്‍മാന്‍, മുന്നേറ്റത്തിലെ ടി.കെ. ജെസിന്‍ എന്നിവരും യുനൈറ്റഡിൽ നിന്നുണ്ട്. ഇവർ യഥാക്രമം തിരൂർ, നിലമ്പൂർ സ്വദേശികളാണ്.

മധ്യനിരയിൽ കളിക്കുന്ന വളാഞ്ചേരിക്കാരൻ ഷിജില്‍ ബംഗളൂരു എഫ്.സിയുടെ റിസര്‍വ് ടീമിലുണ്ട്. സബ്ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട് അണ്ടര്‍ 21 താരമായ ഷിജില്‍. പ്രതിരോധ നിരയിലെ മുഹമ്മദ് ഷഹീഫും (തിരൂർ കൂട്ടായി) അണ്ടര്‍ 21 താരമാണ്. ജില്ല ടീമിനായി കളിച്ചിട്ടുണ്ട്. കൂട്ടായി മൗലാന അക്കാദമിയിലായിരുന്നു തുടക്കം. ഇപ്പോൾ പറപ്പൂര്‍ എഫ്.സിയുടെ താരമാണ്. നവാഗതനായ ഫസലു റഹ്മാനും (തിരൂർ) മധ്യനിരയിലാണ് കളിക്കുന്നത്. സാറ്റ് തിരൂരിന്‍റെ താരമാണ് ഫസൽ. മുന്‍ ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയും കൂട്ടിലങ്ങാടി സ്വദേശിയുമായ എം. മുഹമ്മദ് സലീമാണ് കേരള ടീമിന്‍റെ മാനേജർ.]

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വ്യാഴാഴ്ച മുതല്‍ ലഭ്യമാകും. https://www.santoshtrophy.com/ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ പേമെന്‍റ് മാര്‍ഗത്തിലൂടെ പണമിടപാട് നടത്താം. ഇടപാട് പൂര്‍ത്തിയായാല്‍ ടിക്കറ്റിന്‍റെ കോപ്പി നേരിട്ട് ഡൗണ്‍ലോഡ് ചെയ്തും ഇ-മെയില്‍ വഴിയും ലഭ്യമാക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാം. ഒരാള്‍ക്ക് ഒരുസമയം അഞ്ച് ടിക്കറ്റ് വരെ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കും. 


Tags:    
News Summary - Santhosh trophy teams welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.