മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ മത്സരങ്ങളുടെ രണ്ട് വേദിയും പരിശോധിച്ച അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘം തൃപ്തി അറിയിച്ചതോടെ പരിശീലന മൈതാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ടെന്ന് ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്‍റ്, ടെക്‌നിക്കല്‍ കമ്മിറ്റികളുടെ സംയുക്തയോഗം വിലയിരുത്തി. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവക്ക് പുറമെ പരിശീലനത്തിനുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ രണ്ട് മൈതാനങ്ങള്‍, എടവണ്ണ സീതി ഹാജി സ്റ്റേഡിയം, നിലമ്പൂര്‍ പൊലീസ്, മാനവേദന്‍ ഗ്രൗണ്ടുകൾ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാന്‍ രണ്ടുപേരെ വീതം ചുമതലപ്പെടുത്തി.
റിസപ്ഷന്‍, പ്രോഗ്രാം കമ്മിറ്റികളും യോഗം ചേർന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്‍റ് വി.പി. അനില്‍, ഇവന്‍റ് കോഓഡിനേറ്റര്‍ യു. ഷറഫലി, സി. സുരേഷ്, കെ. മനോഹരകുമാര്‍, ഋഷികേഷ് കുമാര്‍, കെ.എ. അബ്ദുല്‍ നാസര്‍, മഞ്ചേരി നഗരസഭ ഉപാധ്യക്ഷ ബീന ജോസഫ്, കൗൺസിലർമാരായ സജിത്ത് ബാബു, ടി.എം അബ്ദുന്നാസര്‍, അബ്ദുറഹീം, ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് യു. തിലകന്‍, കാലിക്കറ്റ് സർവകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി സക്കീര്‍ ഹുസൈന്‍, പി.കെ. ഷംസുദ്ദീന്‍, ഡോ. സുധീര്‍ കുമാര്‍, ടോം കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
താരങ്ങളെയും ഒഫിഷ്യൽസിനെയും അതിഥികളെയും വരവേൽക്കും
മലപ്പുറം: മത്സരത്തിന് എത്തുന്ന താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഇതോടൊപ്പം കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. മത്സരം കാണാനെത്തുന്ന വി.വി.ഐ.പി, വി.ഐ.പി ഗെസ്റ്റുകളെ അതത് സ്റ്റേഡിയങ്ങളില്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.