മലപ്പുറം: സംസ്ഥാനത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുമെന്ന് ആക്ഷേപമുയർന്ന സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ടിൽ (ഡി.പി.ആർ) പൊതുഗതാഗത സംവിധാനങ്ങളെ തകർത്ത് ലാഭമുണ്ടാക്കാൻ നിർദേശം. സിൽവർലൈനിന് സമാന്തരമായുള്ള ദേശീയ - സംസ്ഥാന പാതകൾ വീതികൂട്ടി മെച്ചപ്പെടുത്തിയാൽ ആളുകൾ സ്വകാര്യ വാഹനങ്ങളിൽ വേഗത്തിൽ യാത്ര ചെയ്യുമെന്നും ഇത് പദ്ധതിയെ ദോഷകരമായി ബാധിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതൊഴിവാക്കാൻ ഈ റോഡുകളിൽ ടോൾ ഏർപ്പെടുത്തി യാത്രാച്ചെലവ് വർധിപ്പിക്കണമെന്നാണ് പ്രധാന ശിപാർശ.
നിലവിലെ റെയിൽപാത ഇരട്ടിപ്പിക്കലും മൂന്നാമത്തെ പാതയും വളവ് നിവർത്തലുമെല്ലാം നടപ്പായാൽ പദ്ധതിയെ അത് പ്രതികൂലമായി ബാധിക്കും. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതിനാൽ തേഡ് എ.സി, സ്ലീപ്പർ യാത്രക്കാർ സിൽവർ ലൈനിൽ വരില്ല. റെയിൽവേ ചാർജ് വർധിച്ചാൽ ഇത് പരിഹരിക്കപ്പെടും.
ഡി.പി.ആർ പുറത്തുവന്നതോടെ കെ റെയിൽ അധികൃതരുടെ കള്ളങ്ങൾ പൊളിഞ്ഞുവെന്ന് ജനകീയ സമരസമിതി കുറ്റപ്പെടുത്തി. ബൗദ്ധിക സ്വത്താണെന്ന് അവകാശപ്പെട്ട് പദ്ധതിയുടെ ഡി.പി.ആർ പുറത്തു വിടാതിരുന്നത് ജനങ്ങളെ ഭയന്നാണ്. പുറത്തുവന്ന റിപ്പോർട്ടിൽ യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്ന ഭാഗം പദ്ധതി ദുരൂഹമാണെന്ന് ബോധ്യപ്പെടുത്തുന്നു. ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങൾ പരിഷ്കരിക്കുന്നതിലൂടെ മുഴുവൻ ജനങ്ങൾക്കും ഗുണം ഉണ്ടാകുമെന്നിരിക്കെയാണ് ചെലവ് കൂടിയ പദ്ധതി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. ഡി.പി.ആറിലെ ദുരൂഹതകൾ പുറത്തുവന്ന സാഹചര്യത്തിൽ പദ്ധതി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് സംസ്ഥാന കെ റയിൽ - സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കളായ എം.പി. ബാബുരാജ്, എസ്. രാജീവൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.