മലപ്പുറം: പശുക്കളുടെ പാലുൽപാദനത്തെയും ആരോഗ്യത്തേയും സാരമായി ബാധിക്കുന്ന ചർമ മുഴ രോഗം ജില്ലയിൽ വ്യാപിക്കുന്നു. പോക്സ് കുടുംബത്തിൽപ്പെട്ട കാപ്രി പോക്സ് വൈറസുകളാണ് രോഗം പരത്തുന്നത്.
ജില്ലയിൽ തിരൂർ, പൊന്നാനി, പരപ്പനങ്ങാടി, തിരൂരങ്ങാടി, തലക്കാട്, വളവന്നൂർ, തിരുനാവായ ഭാഗങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.
കന്നുകാലികളുടെ ശരീരത്തിൽ മുഴകളായാണ് ഇവ രൂപപ്പെടുന്നത്. വൈറസ് ബാധയായതിനാൽ ചികിത്സ നൽകിയാലും െപട്ടെന്ന് മാറ്റം ലഭിക്കുകയില്ല.
പനി, തീറ്റ കുറവ്, കഴകളുടെ വീക്കം എന്നിവ ലക്ഷണങ്ങളാണ്. ചർമത്തിലെ മുഴകൾ പൊട്ടി വ്രണങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കൊതുക്, പട്ടുണ്ണി, കടിയീച്ച എന്നിവ വഴിയാണ് രോഗം പ്രധാനമായും പടരുന്നത്.
രോഗബാധിതരായ മൃഗങ്ങളുമായുള്ള സംസർഗവും രോഗം വരാൻ കാരണമാകും. രോഗാണുബാധ സംശയിക്കുന്ന കന്നുകാലികളെ പെട്ടെന്ന് തന്നെ മാറ്റിപാർപ്പിക്കണം.
അതോടൊപ്പം പരിസരം അണുവിമുക്തമാക്കണം. ചർമമുഴ രോഗം ജന്തുജന്യ രോഗമല്ലെന്നും മനുഷ്യരിലേക്ക് പകരുമെന്ന ഭീതി വേണ്ടെന്നും ഡോ. എ.പി. സഹ്ല ഷഹീന പറയുന്നു.
ജില്ലയിൽ പത്ത് പഞ്ചായത്തുകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാക്സിൻ സ്റ്റോക്കുണ്ടെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ കെ.വി. ഉമ പറഞ്ഞു.
രോഗലക്ഷണമുള്ള പശുക്കളിൽനിന്ന് രക്തസാമ്പിൾ ശേഖരിച്ച് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പശ്ചാതലത്തിൽ വാക്സിൻ വിതരണം ചെയ്യുന്നതിൽ തടസ്സം നേരിടുന്നുണ്ടെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.